കേപ്‌ടൗണ്‍: വനിത ടി20 ലോകകപ്പിന്‍റെ എട്ടാം പതിപ്പിന് ഇന്ന് ദക്ഷിണാഫ്രിക്കയില്‍ തുടക്കം. ഉദ്‌ഘാടന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും. ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്കാണ് മത്സരം ആരംഭിക്കുക. ഗ്രൂപ്പ് എയുടെ ഭാഗമായ മത്സരമാണിത്.
ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവരെ കൂടാതെ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് എന്നിവരാണ് ഗ്രൂപ്പിന്‍റെ ഭാഗമായ ടീമുകള്‍.ഓസ്‌ട്രേലിയയാണ് നിലവിലെ ജേതാക്കള്‍. കഴിഞ്ഞ പതിപ്പിന്‍റെ ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചായിരുന്നു ഓസ്‌ട്രേലിയ ചാമ്പ്യന്മാരായത്. സംഘത്തിന്‍റെ അഞ്ചാം കിരീടമായിരുന്നുവിത്.
ടൂര്‍ണമെന്‍റില്‍ തങ്ങളുടെ പ്രഥമ കിരീടം ലക്ഷ്യം വച്ചാണ് ഹര്‍മന്‍പ്രീത് കൗറിന്‍റെ നേതൃത്വത്തില്‍ ഇന്ത്യ ഇക്കുറി ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ചിര വൈരികളായ പാകിസ്ഥാനാണ് എതിരാളി. ന്യൂലാന്‍ഡ്‌സില്‍ ഞായറാഴ്‌ച ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് മത്സരം ആരംഭിക്കുക.
ഗ്രൂപ്പ് ബിയുടെ ഭാഗമാണ് ഈ മത്സരം. വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പില്‍ ഇന്ത്യയുടെ മറ്റ് എതിരാളികള്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ഷഫാലി വര്‍മ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് തുടങ്ങിയ താരങ്ങളുടെ ബാറ്റിങ് മികവ് ഇന്ത്യയ്‌ക്ക് നിര്‍ണായകമാവും. ഓള്‍റൗണ്ടര്‍മാരായ ദീപ്തി ശര്‍മ, ദേവിക വൈദ്യ, പൂജ വസ്ത്രാകാര്‍ എന്നിവരിലും ഇന്ത്യയ്‌ക്ക് പ്രതീക്ഷ ഏറെയാണ്.