പോര്‍ട്ട് എലിസബത്ത്: അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ വമ്പന്‍ നേട്ടവുമായി ഇന്ത്യന്‍ വനിത ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ടി20 ഫോര്‍മാറ്റില്‍ 3000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോഡാണ് ഹര്‍മന്‍പ്രീത് സ്വന്തമാക്കിയിരിക്കുന്നത്. വനിത ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തിലാണ് 33കാരി നിര്‍ണായ നാഴികകല്ല് പിന്നിട്ടത്.
അയര്‍ലന്‍ഡിനെതിരെ ഇറങ്ങുമ്പോള്‍ ടി20യില്‍ 3000 റണ്‍സ് എന്ന നേട്ടത്തിന് ഏഴ് റൺസ് മത്രം അകലെയായിരുന്നു ഹര്‍മന്‍. മത്സരത്തില്‍ 13 റണ്‍സെടുത്താണ് താരം മടങ്ങിയത്. മൊത്തത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരം കൂടിയാണ് ഹര്‍മന്‍.
വിരാട് കോലി, രോഹിത് ശര്‍മ എന്നിവരാണ് നേരത്തെ ഈ നാഴികകല്ല് പിന്നിട്ട ഇന്ത്യന്‍ താരങ്ങള്‍. എന്നാല്‍ വനിത ക്രിക്കറ്റില്‍ ഈ നാഴികകല്ല് പിന്നിടുന്ന നാലാമത്തെ താരമാണ് ഹര്‍മന്‍പ്രീത് കൗര്‍. ന്യൂസിലൻഡിന്‍റെ സൂസി ബേറ്റ്‌സ്, ഓസ്‌ട്രേലിയയുടെ മെഗ് ലാനിങ്, വെസ്റ്റ് ഇൻഡീസിന്‍റെ സ്റ്റാഫാനി ടെയ്‌ലർ എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
അയര്‍ലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ:മത്സരത്തില്‍ അയര്‍ലന്‍ഡിനെ തകര്‍ത്ത ഇന്ത്യ ടി20 ലോകകപ്പ് സെമിയില്‍ പ്രവേശിച്ചിരുന്നു. മഴ നിയമ പ്രകാരം അഞ്ച് റണ്‍സിനാണ് ഇന്ത്യ അയര്‍ലന്‍ഡിനെ കീഴടക്കിയത്. ഇന്ത്യ നേടിയ 155 റണ്‍സ് പിന്തുടര്‍ന്ന അയര്‍ലന്‍ഡ് 8.2 ഓവറില്‍ രണ്ട് വിക്കറ്റില്‍ 54 റണ്‍സില്‍ നില്‍ക്കെയാണ് മഴ കളി തടസപ്പെട്ടുത്തിയത്.
ഇന്ത്യയ്‌ക്കായി സ്‌മൃതിയുടെ വെടിക്കെട്ട്: അയര്‍ലന്‍ഡിനെതിരെ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്‌ക്ക് ഓപ്പണര്‍ സ്‌മൃതി മന്ദാനയുടെ തകര്‍പ്പന്‍ പ്രകടനമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മത്സരത്തില്‍ 56 പന്ത് നേരിട്ട സ്‌മൃതി മൂന്ന് സിക്‌സറുകളുടെയും ഒമ്പത് ഫോറുകളും സഹിതം 87 റണ്‍സാണ് അടിച്ചു കൂട്ടിയത്. ടി20 കരിയറിലെ 26കാരിയുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്.