കേരളം

kerala

ETV Bharat / sports

വനിത ടി20 ലോകകപ്പ്‌ : ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്ക് തോല്‍വി, ദക്ഷിണാഫ്രിക്കയെ 3 റണ്‍സിന് വീഴ്‌ത്തി ശ്രീലങ്ക - ദക്ഷിണാഫ്രിക്കന്‍ വനിത ക്രിക്കറ്റ് ടീം

ലങ്കന്‍ ഇന്നിങ്സില്‍ രണ്ടാം വിക്കറ്റില്‍ ക്യാപ്‌റ്റന്‍ ചമാരി അത്തപ്പത്തുവും വിംശി ഗുണരത്നെയും ചേര്‍ന്ന് 86 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഈ കൂട്ടുകെട്ടായിരുന്നു ശ്രീലങ്കയ്‌ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്

ICC Women T20 World Cup  women t20 world cup  icc women t20 world cup south africa  south africa vs srilanka match result  icc  t20 world cup  വനിത ടി20 ലോകകപ്പ്‌  ശ്രീലങ്ക  ദക്ഷിണാഫ്രിക്ക  ചമാരി അത്തപ്പത്തു  ഐസിസി വനിത ടി20 ലോകകപ്പ്  വിംശി ഗുണരത്നെ  ദക്ഷിണാഫ്രിക്കന്‍ വനിത ക്രിക്കറ്റ് ടീം  ശ്രീലങ്കന്‍ വനിത ക്രിക്കറ്റ് ടീം
icc women t20 world cup

By

Published : Feb 11, 2023, 7:39 AM IST

കേപ്‌ടൗണ്‍ : വനിത ടി20 ലോകകപ്പ് എട്ടാം പതിപ്പിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആവേശകരമായ ജയം സ്വന്തമാക്കി ശ്രീലങ്ക. ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അവസാന പന്തുവരെ നീണ്ട മത്സരത്തില്‍ 3 റണ്‍സിനാണ് ലങ്ക വിജയിച്ചത്. 130 എന്ന സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടീസ് വനിതകള്‍ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 126 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കയുടെ ക്യാപ്‌റ്റന്‍ സുനെ ലൂസ് ലങ്കയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ക്യാപ്‌റ്റന്‍റെ തീരുമാനം ശരിവയ്‌ക്കുന്ന തരത്തിലായിരുന്നു പ്രോട്ടീസ് ബോളര്‍മാര്‍ പന്തെറിഞ്ഞത്. തുടക്കത്തില്‍ റണ്‍സ് കണ്ടെത്താന്‍ ലങ്കന്‍ ഓപ്പണിങ് ബാറ്റര്‍മാര്‍ നന്നേ പാടുപെട്ടു.

ഒന്നാം വിക്കറ്റില്‍ ഹര്‍ഷിത സമരവിക്രമയും ചമാരി അത്തപ്പത്തുവും ചേര്‍ന്ന് 28 റണ്‍സ് മാത്രമായിരുന്നു കൂട്ടിച്ചേര്‍ത്തത്. 20 പന്തില്‍ 8 റണ്‍സ് മാത്രം നേടിയ ഹര്‍ഷിതയുടെ വിക്കറ്റാണ് ലങ്കയ്‌ക്ക് ആദ്യം നഷ്‌ടമായത്. നദീന്‍ ഡി ക്ലെര്‍ക്കിനായിരുന്നു വിക്കറ്റ്.

തുടര്‍ന്ന് അത്തപ്പത്തുവിനൊപ്പം വിംശി ഗുണരത്നെ ചേര്‍ന്നതോടെ ലങ്ക അനായാസം റണ്‍സ് കണ്ടെത്താന്‍ തുടങ്ങി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 86 റണ്‍സാണ് ലങ്കയെ പൊരുതാവുന്ന സ്‌കോറിലേക്കെത്തിച്ചത്. ഏഴാം ഓവറില്‍ ഒത്തുചേര്‍ന്ന ശേഷം ക്രീസില്‍ നിലയുറപ്പിച്ച ഈ കൂട്ടുകെട്ട് മത്സരത്തിന്‍റെ 18-ാം ഓവറില്‍ വിംശി റണ്‍ഔട്ട് ആയതോടെയാണ് തകര്‍ന്നത്.

ടസ്‌മിന്‍ ബ്രിറ്റ്സായിരുന്നു വിംശിയെ റണ്‍ഔട്ട് ആക്കുന്നതിന് ചുക്കാന്‍ പിടിച്ചത്. മത്സരത്തില്‍ 34 പന്ത് നേരിട്ട് 35 റണ്‍സ് വിംശി നേടിയിരുന്നു. ഇതിന് തൊട്ടടുത്ത പന്തില്‍ അത്തപ്പത്തുവും പുറത്തായി.

50 പന്തില്‍ 68 റണ്‍സ് നേടിയ ലങ്കന്‍ നായിക അത്തപ്പത്തുവിനെ മരിസാൻ കേപ്പാണ് മടക്കിയത്. പിന്നാലെ ക്രീസിലെത്തിയ ആര്‍ക്കും ലങ്കന്‍ ഇന്നിങ്‌സിന്‍റെ അവസാനം കാര്യമായി റണ്‍സ് കണ്ടെത്താനായില്ല. നിലക്ഷി ഡി സില്‍വ നാല് റണ്‍സ് നേടി പുറത്തായപ്പോള്‍, വിക്കറ്റ് കീപ്പര്‍ അനുഷ്‌ക സഞ്ജീവനി 6 പന്തില്‍ 5 റണ്‍സുമായി പുറത്താകാതെ നിന്നു. പ്രോട്ടീസിനായി ഷബ്‌നിം ഇസ്‌മൈല്‍, മാരിസന്‍ കേപ്പ്, നദീന്‍ ഡി ക്ലെര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങില്‍ ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ലോറ വോൾവാർഡ് (18), ടസ്‌മിന്‍ ബ്രിട്‌സ് (12) എന്നിവര്‍ ചേര്‍ന്ന് നല്‍കിയത്. അഞ്ചാം ഓവറില്‍ ആദ്യ വിക്കറ്റ് വീണപ്പോള്‍ 29 റണ്‍സ് ഇരുവരും ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ബ്രിറ്റ്സിനെ മടക്കി ഒഷാദി രണസിംഗെയാണ് ആതിഥേയര്‍ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്.

തുടര്‍ന്ന് എട്ടാം ഓവറില്‍ മൂന്നാമതായി ക്രീസിലെത്തിയ മാരിസന്‍ കേപ്പിനെ (11) ഇനോക്ക രണവീര മടക്കി. പിന്നാലെ തന്‍റെ അടുത്ത ഓവറില്‍ ലോറയെയും രണവീര തിരികെ പവലിയനിലെത്തിച്ചു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടി ലങ്കന്‍ ബോളര്‍മാര്‍ പതിയെ പതിയെ മത്സരം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു.

27 പന്ത് നേരിട്ട് 28 റണ്‍സ് നായിക സുനെ ലൂസായിരുന്നു മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ ടോപ്‌ സ്‌കോറര്‍. കോള്‍ ട്രൈന്‍ (10), അനീക് ബോഷെ (0), നദീന്‍ ഡി ക്ലെര്‍ക്ക് (7), സിനാലൊ ജഫ്‌ത (15) ഷബ്‌നിം ഇസ്‌മൈല്‍ (7) എന്നിവരാണ് പുറത്തായ മറ്റ് പ്രോട്ടീസ് ബാറ്റര്‍മാര്‍. അയബോംഗ ഖക (1) മലാബ (5) എന്നിവര്‍ പുറത്താകാതെ നിന്നെങ്കിലും ജയത്തിന് മൂന്ന് റണ്‍സ് അകലെ വീഴാനായിരുന്നു പ്രോട്ടീസിന്‍റെ വിധി.

ലങ്കയ്‌ക്കായി ഇനോക രണവീര മൂന്നും സുഗന്ധിക കുമാരി, ഓഷാദി രണസിംഗെ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. നാളെ ബംഗ്ലാദേശിനെതിരെയാണ് ശ്രീലങ്കന്‍ വനിതകളുടെ ആദ്യ മത്സരം. 13 ന് കരുത്തരായ ന്യൂസിലന്‍ഡിനെയാണ് ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തില്‍ നേരിടുന്നത്.

ABOUT THE AUTHOR

...view details