പോര്‍ട്ട് എലിസബത്ത്:അയര്‍ലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ഐസിസി വനിത ടി20 ലോകകപ്പ് സെമിയില്‍. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ സെമിഫൈനലില്‍ പ്രവേശിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 155 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റ് വീശിയ അയര്‍ലന്‍ഡ് 8.2 ഓവറില്‍ 2 വിക്കറ്റ് നഷ്‌ടത്തില്‍ നില്‍ക്കെയാണ് കളിയുടെ രസംകൊല്ലിയായി മഴയെത്തിയത്.
അയര്‍ലന്‍ഡിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്ക്ക് സ്‌മൃതി മന്ദാനയുടെ തകര്‍പ്പന്‍ പ്രകടനമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മത്സരത്തില്‍ 56 പന്ത് നേരിട്ട സ്‌മൃതി മൂന്ന് സിക്‌സറുകളുടെയും 9 ബൗണ്ടറികളുടെയും അകമ്പടിയോടെ 87 റണ്‍സാണ് അടിച്ചു കൂട്ടിയത്. ടി20 കരിയറിലെ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയായിരുന്നു ഇത്.
ഈ വനിത ലോകകപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരം പരിക്ക് മൂലം താരത്തിന് നഷ്‌ടപ്പെട്ടിരുന്നു. പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും ഇന്ത്യക്കായി കളത്തിലറങ്ങിയ സ്‌മൃതി ഇതുവരെ ആകെ 149 റണ്‍സാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. നിലവില്‍ ടൂര്‍ണമെന്‍റിലെ ടോപ് സ്‌കോററും ഇന്ത്യന്‍ ലെഫ്റ്റ് ഹാന്‍ഡ് ബാറ്ററാണ്.
ഏറ്റവും ദുഷ്‌കരമായ ഇന്നിംഗ്‌സുകളിലൊന്ന്...:കരിയറില്‍ താന്‍ കളിച്ചിട്ടുള്ള ഏറ്റവും ദുഷ്‌കരമായ ഇന്നിങ്‌സുകളില്‍ ഒന്നായിരുന്നു ഇതെന്ന് അയര്‍ലന്‍ഡിനെതിരെ നടത്തിയ മിന്നും പ്രകടനത്തിന് ശേഷം സ്‌മൃതി അഭിപ്രായപ്പെട്ടു. കാറ്റിനൊപ്പം അവര്‍ പന്തെറിഞ്ഞ വേഗതയാണ് സാഹചര്യങ്ങള്‍ മോശമാക്കിയത്. ഷിഫാലിക്കൊപ്പം നല്ല രീതിയില്‍ ആശയവിനിമയം നടത്തിയാണ് ഇന്നിങ്‌സ് പടുത്തുയര്‍ത്തിയതെന്നും സ്‌മൃതി വ്യക്തമാക്കി.
സെമിയില്‍ കാര്യങ്ങള്‍ കടുക്കും:അയര്‍ലന്‍ഡിനെതിരായ വിജയത്തിന് പിന്നാല നിലവില്‍ ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഈ സാഹചര്യത്തില്‍ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരയ ഓസ്‌ട്രേലിയ ആയിരിക്കും സെമിയില്‍ ഇന്ത്യയുടെ എതിരാളി. ഇന്ത്യയുടെ ഗ്രൂപ്പില്‍ ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്.
155 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അയര്‍ലന്‍ഡിന് ആദ്യ ഓവറിലാണ് ആദ്യ രണ്ട് വിക്കറ്റുകളും നഷ്‌ടപ്പെട്ടത്. ഇന്നിങ്‌സിന്‍റെ ആദ്യ പന്തില്‍ തന്നെ എമി ഹണ്ടര്‍ (1) റണ്‍ ഔട്ട് ആയി. ഈ ഓവറിലെ അഞ്ചാം പന്തില്‍ ഒര്‍ല പ്രന്‍ഡര്‍ഗാസ്റ്റിനെ അക്കൗണ്ട് തുറക്കും മുന്‍പ് തന്നെ രേണുക സിങ് മടക്കി.