ദുബായ്: ന്യൂസിലൻഡിനതിരായ ടെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ വമ്പൻ നേട്ടമുണ്ടാക്കി ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാളും സ്‌പിന്നർ ആർ അശ്വിനും. മുംബൈ ടെസ്റ്റിൽ മാൻ ഓഫ് ദി മാച്ച് ആയ അഗർവാൾ 30 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 11-ാം സ്ഥാനത്തേക്കെത്തിയപ്പോൾ ബോളർമാരുടെ പട്ടികയിൽ അശ്വിൻ രണ്ടാം സ്ഥാനത്തേക്കെത്തി.
ബാറ്റർമാരുടെ പട്ടികയിൽ 40-ാം സ്ഥാനത്തുണ്ടായിരുന്ന അഗർവാളാണ് പട്ടികയിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. മുംബൈ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 150 റണ്‍സുമായി തിളങ്ങിയ മായങ്ക് രണ്ടാം ഇന്നിങ്സിൽ 62 റണ്‍സ് നേടി ടീമിന് നിർണായക സംഭാവന നൽകിയിരുന്നു. ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് ബാറ്റർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
ബോളർമാരുടെ പട്ടികയിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് മുംബൈ ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റും സ്വന്തമാക്കിയ കിവീസ് സ്‌പിന്നർ അജാസ് പട്ടേലാണ്. 20 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അജാസ് 38-ാം റാങ്കിലേക്ക് എത്തിയിട്ടുണ്ട്. അതേസമയം നിലവിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ സ്പിന്നർ ആർ അശ്വിന് ഒന്നാം സ്ഥാനത്തുള്ള പാറ്റ് കമ്മിൻസുമായുള്ള ദൂരം കുറക്കാനായി. 43 റേറ്റിങ് പോയിന്‍റാണ് അശ്വിൻ വർധിപ്പിച്ചത്. ഒന്നാം സ്ഥാനത്തുള്ള കമ്മിൻസിന് 908 പോയിന്‍റും രണ്ടാം സ്ഥാനത്തുള്ള അശ്വിന് 883 പോയിന്‍റുമുണ്ട്.
ALSO READ:ആഷസ്: ഗാബയില്‍ നായകന്‍റെ കളി, ഇംഗ്ലണ്ട് 147ന് പുറത്ത്; അഞ്ച് വിക്കറ്റുമായി കമ്മിന്‍സ്
അതേസമയം ഓൾ റൗണ്ടർമാരുടെ പട്ടികയിലും അശ്വിന് നേട്ടമുണ്ടാക്കാനായി. രവീന്ദ്ര ജഡേജയെ പിന്നിലാക്കി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കെത്താൻ അശ്വിനായിട്ടുണ്ട്. ജഡേജ നാലാം സ്ഥാനത്തേക്ക് വീണു. വിൻഡീസ് ഓൾറൗണ്ടർ ജേസണ്‍ ഹോൾഡറാണ് മൂന്നാം സ്ഥാനത്ത്. മറ്റൊരു ഇന്ത്യൻ ഓപ്പണർ ശുഭ്‌മാൻ ഗിൽ 21 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 45-ാം സ്ഥാനത്തേക്കെത്തി. നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മുഹമ്മദ് സിറാജ് 41-ാം സ്ഥാനത്തേക്കെത്തിയിട്ടുണ്ട്.