ന്യൂഡല്‍ഹി : ഇംഗ്ലണ്ടിനെതിരെ പുനഃക്രമീകരിച്ച ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കുമോയെന്ന് ഉറപ്പില്ല. കൊവിഡ് സ്ഥിരീകരിച്ച താരം നിലവില്‍ ക്വാറന്‍റൈനിലാണുള്ളത്. രോഹിത്തിന് പകരം മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചിരുന്നു.
എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ആരാവും ടീമിനെ നയിക്കുകയെന്നതില്‍ ബിസിസിഐ വ്യക്തത വരുത്തിയിട്ടില്ല. ഇതോടെ ടീമിന്‍റെ നായക സ്ഥാനത്തേക്ക് ആരാകുമെത്തുകയെന്ന് നിരവധി ചര്‍ച്ചകളും നടക്കുന്നുണ്ട്. മുൻ ഇന്ത്യൻ താരങ്ങളുള്‍പ്പടെ നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ഇത് സംബന്ധിച്ച ഐസിസിയുടെ ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്. രോഹിത്തിന് കളിക്കാനായില്ലെങ്കില്‍ ആരാകും ഇന്ത്യയെ നയിക്കുകയെന്നാണ് ഐസിസി ആരാധകരോട് ട്വിറ്ററില്‍ ചോദിച്ചിരുന്നത്. ഈ ട്വീറ്റിന് പേസര്‍ ജസ്‌പ്രീത് ബുംറയെ ടാഗ് ചെയ്‌തുകൊണ്ടായിരുന്നു ഹര്‍ഭജന്‍ പ്രതികരിച്ചത്.