ദുബായ്: ഐസിസി പുരുഷ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ സീനിയര്‍ താരം ശിഖര്‍ ധവാനും ശ്രേയസ് അയ്യരും. ഒരു സ്ഥാനം ഉയര്‍ന്ന ധവാന്‍ 13-ാം സ്ഥാനത്ത് എത്തിയപ്പോള്‍ 20 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ശ്രേയസ് 54-ാം റാങ്കിലെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടനമാണ് ഇരുവര്‍ക്കും തുണയായത്.
ആദ്യ മത്സരത്തില്‍ ധവാന്‍ 97 റണ്‍സടിച്ചപ്പോള്‍, രണ്ട് മത്സരങ്ങളിലും അര്‍ധ സെഞ്ച്വറി നേടാന്‍ ശ്രേയസിന് കഴിഞ്ഞിരുന്നു. വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് കളിക്കാതിരുന്ന ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയ്‌ക്കും വിരാട് കോലിക്കും ഓരോ സ്ഥാനങ്ങള്‍ നഷ്‌ടമായി. നിലവില്‍ യഥാക്രമം അഞ്ചും ആറും സ്ഥാനത്താണ് ഇരുവരുമുള്ളത്. ഇന്ത്യയ്‌ക്ക് എതിരായ രണ്ടാം മത്സരത്തില്‍ സെഞ്ച്വറി പ്രകടനവുമായി ഷായ് ഹോപ്പ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. മൂന്ന് സ്ഥാനമുയര്‍ന്ന താരം 12-ാം സ്ഥാനത്താണ് എത്തിയത്.
ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് സിറാജും വിന്‍ഡീസ് നിരയില്‍ അല്‍സാരി ജോസഫും നേട്ടമുണ്ടാക്കി. ആദ്യ നൂറില്‍ ഉള്‍പ്പെട്ട സിറാജ് നിലവില്‍ 97-ാം സ്ഥാനത്താണ്. രണ്ട് സ്ഥാനമുയര്‍ന്ന അല്‍സാരി 16-ാം സ്ഥാനത്ത് എത്തി.
ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡി കോക്ക് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാമത് എത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്രകടനമാണ് താരത്തിന് തുണയായത്. ഇംഗ്ലീഷ് പേസര്‍ ഡേവിഡ് വില്ലി 23-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അതേസമയം പാക് ക്യാപ്‌റ്റന്‍ ബാബര്‍ അസം, ഇമാം ഹുല്‍ ഹഖ്, ദക്ഷിണാഫ്രിക്കയുടെ റാസി വാൻ ഡെർ ഡസ്സൻ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ പാക് ഓപ്പണ്‍ അബ്‌ദുള്ള ഷഫീഖ് 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 16-ാം സ്ഥാനത്ത് എത്തി. ശ്രീലങ്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റിലെ സെഞ്ച്വറി പ്രകടനമാണ് താരത്തിന് തുണയായത്. ക്യാപ്‌റ്റന്‍ ബാബര്‍ അസം കരിയറിലെ തന്‍റെ ഏറ്റവും മികച്ച റേറ്റിങ് പോയിന്‍റോടെ മൂന്നാം സ്ഥാനത്ത് എത്തി. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്‌മിത്തിനെയാണ് ബാബര്‍ മറികടന്നത്. നിലവില്‍ ഐസിസി റാങ്കിങ്ങിലെ മൂന്ന് ഫോര്‍മാറ്റിലും ആദ്യ മൂന്നിലുള്ള ഏക താരമാണ് ബാബര്‍ അസം.