ദുബായ് : ഐസിസിയുടെ 2022ലെ മികച്ച പുരുഷ ടി20 താരത്തിനായുള്ള പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ വെടിക്കെട്ട് ബാറ്റർ സൂര്യകുമാർ യാദവ്. ഇംഗ്ലണ്ടിന്‍റെ ഓൾ റൗണ്ടർ സാം കറന്‍, സിംബാബ്‌വെ സൂപ്പർ താരം സിക്കന്ദർ റാസ, പാകിസ്ഥാൻ ബാറ്റർ മുഹമ്മദ് റിസ്വാൻ എന്നിവര്‍ക്കൊപ്പമാണ് ഷോർട്ട് ലിസ്റ്റിൽ സൂര്യകുമാർ യാദവും ഇടം നേടിയത്. നേരത്തെ എമർജിങ് താരത്തിനായുള്ള മത്സരത്തിൽ ഇന്ത്യൻ പേസർ അർഷദീപ് സിങ്ങും ഇടം പിടിച്ചിരുന്നു.
ക്രിക്കറ്റർ എന്ന നിലയിൽ സൂര്യകുമാർ യാദവിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വർഷമായിരുന്നു 2022. ടി20യിൽ ഇന്ത്യൻ ടീമിന്‍റെ സൂപ്പർ താരമായി വളർന്ന സൂര്യകുമാർ ഈ വർഷം 31 മത്സരങ്ങളിൽ നിന്ന് 187.43 സ്‌ട്രൈക്ക് റേറ്റിൽ 1164 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതിലൂടെ ടി20യിൽ ഒരു കലണ്ടർ വർഷത്തിൽ ആയിരത്തിന് മുകളിൽ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടവും സൂര്യ സ്വന്തമാക്കിയിരുന്നു.
68 സിക്‌സുകളാണ് ടി20 താരം ഇക്കൊല്ലം പായിച്ചത്. കൂടാതെ രണ്ട് സെഞ്ച്വറികളും ഒൻപത് അർധ സെഞ്ച്വറികളും സ്വന്തമാക്കാനും സൂര്യക്കായി. ടി20 ലോകകപ്പിലും ഇന്ത്യയുടെ തുറുപ്പ് ചീട്ടായിരുന്നു സൂര്യകുമാർ യാദവ്. ലോകകപ്പിൽ ആറ് ഇന്നിങ്‌സുകളിൽ നിന്ന് 189.68 എന്ന സ്‌ട്രൈക്ക് റേറ്റിൽ 59.75 ശരാശരിയിൽ മൂന്ന് അർധ സെഞ്ച്വറിയടക്കം 239 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
ഇതിൽ സിംബാബ്‌വെക്കെതിരായ മത്സരത്തിൽ 25 പന്തിൽ 61 റണ്‍സ് നേടി സൂര്യകുമാർ ഞെട്ടിച്ചിരുന്നു. മത്സരത്തിൽ 244.00 എന്ന സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ താരം 4 കൂറ്റൻ സിക്‌സുകളും പായിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലെ 61റണ്‍സും ടീമിന്‍റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. പിന്നാലെ ഐസിസി റാങ്കിങ്ങിൽ ടി20 ബാറ്റർമാരുടെ പട്ടികയിൽ ഒന്നാമതെത്താനും താരത്തിന് സാധിച്ചിരുന്നു.