ദുബായ്:പോയ വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്ററെ കണ്ടെത്തുന്നതിനുള്ള താരങ്ങളുടെ ചുരുക്കപ്പട്ടിക പുറത്തുവിട്ട് ഐസിസി. ഇന്ത്യൻ താരങ്ങളിൽ ആർക്കും തന്നെ ഇടം നേടാനാകാത്ത പട്ടികയിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, പാകിസ്ഥാൻ താരങ്ങളായ ഷഹീൻ ഷാ അഫ്രീദി, മുഹമ്മദ് റിസ്വാൻ എന്നിവരാണ് ഇടം നേടിയിരിക്കുന്നത്.
2021-ൽ പുരുഷ രാജ്യാന്തര ക്രിക്കറ്റിൽ (ടെസ്റ്റ്, ഏകദിനം, ടി20) മികച്ച പ്രകടനം നടത്തുന്നയാൾക്കാണ് അവാർഡ് നൽകുക. ചുരുക്കപ്പട്ടികയിലെ താരങ്ങളിൽ നിന്ന് വോട്ടെടുപ്പിലൂടെയാണ് മികച്ച താരത്തെ കണ്ടെത്തുന്നത്. ജനുവരി 24നാണ് അവാർഡ് വിതരണം.
18 മത്സരങ്ങളിൽ നിന്ന് 58.37 ശരാശരിയിൽ ആറ് സെഞ്ചുറികളോടെ 1855 റൺസ് നേടി ചരിത്രമെഴുതിയാണ് ജോ റൂട്ട് 2021 ആഘോഷമാക്കിയത്. മികച്ച പ്രകടനത്തിലൂടെ ഐസിസിയുടെ ടെസ്റ്റ് ബാറ്റർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനും ജോ റൂട്ടിന് സാധിച്ചു.
റൂട്ടുമായി താരതമ്യം ചെയ്യുമ്പോൾ ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസന്‍റെ ബാറ്റിങ് ശരാശരിയിലും താഴെയായിരുന്നു. 16 മത്സരങ്ങളിൽ നിന്ന് 43.31 ശരാശിയിൽ ഒരു സെഞ്ച്വറിയുടെ അകമ്പടിയോടെ 693റണ്‍സ് മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്. എന്നാൽ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിവീസിന് നേടിക്കൊടുക്കുന്നതിൽ നായകനെന്ന നിലയിൽ വില്യംസണ്‍ വഹിച്ച പങ്ക് വളരെ വലുതാണ്.
ALSO READ:Captain controversy: ടി20 നായകസ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ടിരുന്നു; കോലിയുടെ വാദങ്ങൾ തള്ളി ചേതൻ ശർമ്മ
പാകിസ്ഥാൻ വിക്കറ്റ് കീപ്പർ-ബാറ്ററായ മുഹമ്മദ് റിസ്വാൻ 44 മത്സരങ്ങളിൽ നിന്ന് 56.32 ശരാശരിയിൽ രണ്ട് സെഞ്ച്വറികളോടെ 1915 റൺസാണ് കഴിഞ്ഞ വർഷം സ്വന്തമാക്കിയത്. വിക്കറ്റിന് പിന്നിൽ 56 പുറത്താക്കലുകളും റിസ്വാൻ നേടിയെടുത്തു. ടി20യിൽ മാത്രം 29 മത്സരങ്ങളിൽ 73.66 ശരാശരിയിൽ 1326 റൺസാണ് റിസ്വാൻ അടിച്ചുകൂട്ടിയത്.
പാക് യുവ പേസർ ഷാഹീൻ അഫ്രീദിക്കും കഴിഞ്ഞ വർഷം മികച്ചതായിരുന്നു. 36 മത്സരങ്ങളിൽ നിന്ന് 22.20 ശരാശരിയിൽ 78 വിക്കറ്റാണ് കൊയ്‌തത്. 6/51 എന്നതായിരുന്നു താരത്തിന്‍റെ ഏറ്റവും മികച്ച ബോളിങ് പ്രകടനം. 21 ടി20കളിൽ നിന്ന് 23 വിക്കറ്റുകളും ഒൻപത് ടെസ്റ്റുകളിൽ നിന്ന് 47 വിക്കറ്റുകളും താരം നേടി.