ബെംഗളൂരു:ഏകദിന ലോകകപ്പില്‍ നിലവിലെ ചാമ്പ്യൻമാർക്ക് എതിരെ ജയം മണത്ത് ശ്രീലങ്ക. ബെംഗളൂരുവില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ 33.2 ഓവറില്‍ 156 റൺസിന് ശ്രീലങ്ക എറിഞ്ഞൊതുക്കുകയായിരുന്നു. ഇതോടെ ശ്രീലങ്കയ്ക്ക് ജയിക്കാൻ 157 റൺസാണ് വേണ്ടത്.
ഓപ്പണർമാർ ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും അത് മുതലാക്കാൻ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. ഓപ്പണർ ജോണി ബെയർസ്റ്റോ 30 റൺസിനും ഡേവിഡ് മലാൻ 28 റൺസിനും പുറത്തായ ശേഷം പരിക്ക് മാറി തിരിച്ചെത്തിയ ബെൻ സ്റ്റോക്‌സ് മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ പിടിച്ചു നിന്നത്. സ്റ്റോക്‌സ് 43 റൺസെടുത്ത് പുറത്തായി.
ശ്രീലങ്കയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് ബൗളർമാർ നടത്തിയത്. ലഹിരു കുമാര മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഏറെ നാളുകൾക്ക് ശേഷം ഏകദിന ടീമിലേക്ക് മടങ്ങിയെത്തിയ ഏയ്‌ഞ്ചലോ മാത്യൂസും കസൺ രജിതയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മഹീഷ് തീക്ഷണ ഒരു വിക്കറ്റ് നേടിയപ്പോൾ ജോ റൂട്ടും (3), ആദില്‍ റഷീദും (2) റൺഔട്ടായി.
നായകൻ ജോസ് ബട്‌ലർ (8), ലിയാം ലിവിങ്സ്റ്റൺ (1), മോയിൻ അലി(15), ക്രിസ് വോക്‌സ് (പൂജ്യം), ഡേവിഡ് വില്ലി (14), മാർക്ക് വുഡ് (5) എന്നിവരാണ് പുറത്തായ മറ്റ് ഇംഗ്ലീഷ് ബാറ്റർമാർ.
നാല് മത്സരത്തില്‍ നിന്ന് രണ്ട് പോയിന്‍റ് മാത്രമുള്ള ശ്രീലങ്കയ്ക്കും അഞ്ച് മത്സരത്തില്‍ നിന്ന് രണ്ട് പോയിന്‍റ് മാത്രമുള്ള ഇംഗ്ളണ്ടിനും ഇന്നത്തെ മത്സരം നിർണായകമാണ്. ഇന്ന് തോല്‍ക്കുന്നവർക്ക് ലോകകപ്പില്‍ നിന്ന് പുറത്തേക്കുള്ള വഴി തുറക്കാൻ സാധ്യത.