ദുബായ്: ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി). വിജയികൾക്ക് 1.6 മില്യൺ യുഎസ് ഡോളറാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് ഈ തുകയുടെ പകുതിയാണ് ലഭിക്കുകയെന്നും ഐസിസി അറിയിച്ചു.
16 ടീമകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 5.6 മില്യൺ യുഎസ് ഡോളറാണ് സമ്മാനമായി വിതരണം ചെയ്യുക. സെമിയില്‍ പുറത്താവുന്ന ടീമുകള്‍ക്ക് 400,000 ഡോളറാണ് സമ്മാനമായി ലഭിക്കുക. സൂപ്പർ 12 ഘട്ടത്തിൽ പുറത്താകുന്ന എട്ട് ടീമുകൾക്ക് 70,000 ഡോളർ വീതവും ലഭിക്കും.
സൂപ്പർ 12 ഘട്ടത്തിലെ ഓരോ വിജയത്തിനും 40,000 യുഎസ് ഡോളർ വീതമാണ് ലഭിക്കുക. കഴിഞ്ഞ വർഷം ദുബായില്‍ നടന്ന ടൂര്‍ണമെന്‍റിലും സമാന വിജയത്തിന് ഇതേ തുകയാണ് നല്‍കിയിരുന്നത്. അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവയാണ് സൂപ്പർ 12 ഘട്ടത്തിലേക്ക് നേരിട്ട് പ്രവേശനം നേടിയ എട്ട് ടീമുകൾ.