മുംബൈ:സ്റ്റാര്‍ ബാറ്റര്‍മാരായ രോഹിത് ശര്‍മയും വിരാട് കോലിയും നീണ്ടൊരു ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയ്‌ക്കായി വീണ്ടും ടി20 കളിക്കാനൊരുങ്ങുകയാണ്. അഫ്‌ഗാനിസ്ഥാനെതിരെയായ ടി20 പരമ്പരയിലൂടെയാണ് ഇരുവരും ഫോര്‍മാറ്റിലേക്ക് തിരികെ എത്തുന്നത് (India vs Afghanistan T20Is). 2022-ലെ ടി20 ലോകകപ്പിന് ശേഷം ഫോര്‍മാറ്റില്‍ വെറ്ററന്‍ താരങ്ങള്‍ ഇന്ത്യയ്‌ക്കായി കളിക്കാനിറങ്ങിയിരുന്നില്ല.
ഈ വര്‍ഷം ജൂണില്‍ മറ്റൊരു ടി20 ലോകകപ്പ് (T20 World Cup 2024) നടക്കാനിരിക്കെയാണ് രോഹിത്തിന്‍റേയും കോലിയുടേയും തിരിച്ചുവരവ്. ടൂര്‍ണമെന്‍റിന് മുമ്പ് ഫോര്‍മാറ്റില്‍ ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണ് അഫ്‌ഗാനിസ്ഥാനെതിരായത്. സ്‌പെഷ്യലിസ്റ്റ് താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ടി20 ലോകകപ്പിന് ടീമിനെ അയയ്‌ക്കാനായിരുന്നു നേരത്തെ ബിസിസിഐ ലക്ഷ്യം വച്ചത്. ഇപ്പോള്‍ ഫോര്‍മാറ്റിലേക്ക് രോഹിത്തും കോലിയും മടങ്ങിയെത്താനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ പരിശോധിക്കാം. (How Virat Kohli and Rohit Sharma Return To T20Is)
ആക്രമണോത്സുകത, ഫോം: 2023-ലെ ഏകദിന ലോകകപ്പിൽ, രോഹിതിന്‍റെ ആക്രമണോത്സുകത ടീമിന്‍റെ മുന്നേറ്റത്തില്‍ വലിയ പങ്കാണ് വഹിച്ചിരുന്നത്. തുടക്കം മുതല്‍ക്ക് ആക്രമിച്ച് റണ്‍റേറ്റുയര്‍ത്തുന്ന 36-കാരന്‍റെ ശൈലി തുടര്‍ന്നെത്തുന്ന മറ്റ് ബാറ്റര്‍മാര്‍ക്ക് സമ്മര്‍മില്ലാതെ കളിക്കാന്‍ വഴിയൊരുക്കുന്നതായിരുന്നു. ടി20 ലോകകപ്പിലും രോഹിത്ത് നല്‍കുന്ന ഈ മിന്നും തുടക്കം ടീമിന് മുതല്‍ക്കൂട്ടാവുമെന്നുറപ്പ്.
കോലിയെ സംബന്ധിച്ച് മിന്നും ഫോമിലാണ് താരമുള്ളത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ റെക്കോഡ് റണ്‍വേട്ടായിരുന്നു 35-കാരന്‍ നടത്തിയത്. മൂന്ന് സെഞ്ചുറികള്‍ ഉള്‍പ്പെടെയായിരുന്നു താരത്തിന്‍റെ പ്രകടനം. കഴിഞ്ഞ ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരനും കോലിയായിരുന്നു. നിലയുറപ്പിച്ചിതിന് ശേഷം ആക്രമിക്കുന്ന കോലിയുടെ ശൈലി ടി20 ക്രിക്കറ്റിന് യോജിച്ചതല്ലെന്ന് വിമര്‍ശനമുയരാറുണ്ട്. എന്നാല്‍ തകര്‍പ്പന്‍ ഫോമിലുള്ള താരത്തെ സെലക്‌ടര്‍മാര്‍ക്ക് എങ്ങിനെ തഴയാനാവും.