ഓവല്‍ :ഏകദിന ലോകകപ്പില്‍ (ODI World Cup 2023) കിരീടം നിലനിര്‍ത്താനെത്തുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ (England Cricket) പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി ബെന്‍ സ്റ്റോക്‌സ് (Ben Stokes). വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് ടീമിനൊപ്പം വീണ്ടും ചേര്‍ന്ന താരം നിലവില്‍ മിന്നും ഫോമിലാണ്. ന്യൂസിലന്‍ഡിനെതിരായ (England vs New Zealand) ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനായി കളിക്കുന്ന താരം, പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് കൊണ്ട് തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കുകയും ചെയ്‌തിരുന്നു.
കെന്നിങ്‌ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട ഇംഗ്ലണ്ടായിരുന്നു ആദ്യം ബാറ്റ് ചെയ്‌തത്. മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് ട്രെന്‍റ് ബോള്‍ട്ടിന്‍റെ (Trent Boult) വേഗത്തിന് മുന്നില്‍ താളം തെറ്റി. ബോള്‍ട്ടിന്‍റെ ആദ്യ പന്തില്‍ ജോണി ബെയര്‍സ്റ്റോയും (0) മത്സരത്തിലെ മൂന്നാം ഓവറില്‍ ജോ റൂട്ടും (4) പുറത്ത്.
13 റണ്‍സ് മാത്രമായിരുന്നു ഈ സമയം ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. നാലാം നമ്പറിലായിരുന്നു ക്രീസിലേക്ക് ബെന്‍ സ്റ്റോക്‌സിന്‍റെ വരവ്. പിന്നാലെ, ഓപ്പണര്‍ ഡേവിഡ് മലാനൊപ്പം (Dawid Malan) 199 റണ്‍സിന്‍റെ കൂട്ടുകെട്ട്. 31-ാം ഓവറില്‍ മലാന്‍ (96) ബോള്‍ട്ടിന്‍റെ പന്തില്‍ പുറത്തായങ്കിലും സ്റ്റോക്‌സ് അടി തുടര്‍ന്നു.
ഒടുവില്‍, ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ (Highest Individual Score For England In ODI Cricket) സ്വന്തമാക്കി 45-ാം ഓവറിലെ മൂന്നാം പന്തില്‍ ബെഞ്ചമിന്‍ ലിസ്റ്ററിന്‍റെ പന്തില്‍ വില്‍ യങ്ങിന് ക്യാച്ച് നല്‍കിയാണ് സ്റ്റോക്‌സ് മടങ്ങിയത്. 124 പന്ത് നേരിട്ട സ്റ്റോക്‌സ് 182 റണ്‍സായിരുന്നു നേടിയത്. 15 ഫോറും 9 സിക്‌സും അടങ്ങിയതായിരുന്നു ബെന്‍ സ്റ്റോക്‌സിന്‍റെ ഇന്നിങ്സ്.