ന്യൂഡൽഹി:കശ്‌മീർ പ്രീമിയർ ലീഗ് നടത്തിപ്പിൽ അനാവശ്യമായി ഇടപെടുന്നു എന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ ആരോപണത്തിന് പിന്നാലെ ബി.സി.സി.ഐക്കെതിരെ ദക്ഷിണാഫ്രിക്കൻ താരം ഹെർഷൽ ഗിബ്‌സും രംഗത്ത്. കശ്മീർ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നതിനാൽ ബി.സി.സി.ഐ ഭീഷണിപ്പെടുത്തുന്നു എന്നാണ് താരത്തിന്‍റെ ആരോപണം.
വിരമിച്ച താരങ്ങളെ ഉൾപ്പെടുത്തി കശ്‌മീർ പ്രീമിയർ ലീഗ് (കെ.പി.എൽ) എന്ന പേരിൽ സംഘടിപ്പിക്കുന്ന ടൂർണമെന്‍റ് ഈ മാസം ആറിനാണ് ആരംഭിക്കുന്നത്. ലീഗിൽ ഓവർസീസ് വാരിയേഴ്സ് എന്ന ടീമിനായി കളിക്കാൻ തയ്യാറാണെങ്കിലും ബി.സി.സി.ഐ ഭീഷണിപ്പെടുത്തുന്നു എന്ന് ഗിബ്‌സ് പറഞ്ഞു. 'പാകിസ്ഥാനുമായുള്ള രാഷ്‌ട്രീയ പ്രശ്നങ്ങൾ ഇതിലേക്ക് വലിച്ചിഴച്ച് ലീഗിൽ കളിക്കുന്നതിൽ നിന്ന് എന്നെ ബി.സി.സി.ഐ തടയുകയാണ്. ലീഗിൽ കളിച്ചാൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കും ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കില്ല എന്നും അവർ ഭീഷണിപ്പെടുത്തുന്നു', ഗിബ്‌സ് ട്വിറ്ററിൽ കുറിച്ചു.