ഡൽഹി : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്‍റി 20 പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടതിന് ശേഷം ഗംഭീര തിരിച്ചുവരവാണ് ഇന്ത്യ നടത്തിയിരുന്നത്. ഇന്ത്യയ്ക്കുവേണ്ടി പരമ്പരയിലുടനീളം സ്ഥിരതയോടെ ബാറ്റ് വീശിയ താരമാണ് ഇഷാന്‍ കിഷൻ. അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് അര്‍ധ സെഞ്ചുറികളടക്കം 206 റണ്‍സാണ് ഇടം കൈയ്യന്‍ യുവബാറ്ററുടെ സമ്പാദ്യം.
ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ കഴിയുന്നതെല്ലാം ഇഷാന്‍ ചെയ്യുന്നുണ്ടെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്‌മിത്ത് അഭിപ്രായപ്പെട്ടിരിക്കുന്നത്. "ഒരു യുവതാരമെന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് മാത്രമാണ് ചെയ്യാന്‍ സാധിക്കുക. അത് ഇഷാന്‍ ചെയ്യുന്നുണ്ട്. ടീമിലെ സ്ഥാനത്തിനായി കൈയുയര്‍ത്തി സെലക്‌ടര്‍മര്‍ക്കുമേല്‍ ഇഷാന്‍ ഒരുപാട് സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. അവരെ മാത്രമല്ല ക്യാപ്റ്റന്‍, കോച്ച് എന്നിവരെയും സമ്മര്‍ദത്തിലാക്കുന്നതാണ് ഇഷാന്‍റെ പ്രകടനം' - സ്‌മിത്ത് വ്യക്തമാക്കി.