മുംബൈ:വീണ്ടുമൊരു ഐസിസി ട്രോഫിക്കായുള്ള ഏറെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ മുന്നിലുള്ള അടുത്ത അവസരമാണ് ടി20 ലോകകപ്പ്. 2013-ലെ ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് ശേഷം മറ്റൊരു ഐസിസി കിരീടം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല. ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്.
ഇതിന്‍റെ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസം ഐസിസി പുറത്ത് വിട്ടിരുന്നു. ജൂണ്‍ ഒന്ന് മുതല്‍ക്ക് 29 വരെ അരങ്ങേറുന്ന ടൂര്‍ണമെന്‍റില്‍ 20 ടീമുകളാണ് മാറ്റുരയ്‌ക്കുന്നത്. ആകെ ടീമുകളെ അഞ്ച് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് പ്രാഥമിക ഘട്ടം നടക്കുക. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ സൂപ്പര്‍ എട്ടിലേക്ക് മുന്നേറും.
ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കാന്‍ ഇറങ്ങുക. പാകിസ്ഥാന്‍, കാനഡ, അയര്‍ലന്‍ഡ്, അമേരിക്ക എന്നീ ടീമുകളാണ് നീലപ്പടയ്‌ക്ക് എതിരാളികള്‍. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യ ആദ്യ മത്സരം കളിക്കുന്നത്. ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഇന്ത്യ-പാക് പോരാട്ടം ജൂണ്‍ ഒമ്പതിനാണ് അരങ്ങേറുക.
ഇപ്പോഴിതാ ഈ മത്സരവുമായി ബന്ധപ്പെട്ട പോസ്റ്ററിനെ ചൊല്ലി ടൂര്‍ണമെന്‍റിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിനെതിരെ തിരിഞ്ഞിരിക്കുകയാണ് ഒരു കൂട്ടം ആരാധകര്‍ (Fans get Angry On T20 World Cup 2024 Poster). പോസ്റ്ററില്‍ പാകിസ്ഥാന്‍ നായകന്‍ ഷഹീന്‍ ഷാ അഫ്രീദിയ്‌ക്കൊപ്പം ഇന്ത്യന്‍ നായകന്‍റെ സ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തിയതാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചിരിക്കുന്നത്. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും രോഹിത് ശര്‍മയാണ് ഇന്ത്യയുടെ നായകന്‍.