മുംബൈ: ഐപിഎല്ലിന്‍റെ പുതിയ സീസണിനായി നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക മുംബൈ ഇന്ത്യന്‍സ് ഉള്‍പ്പെടെ എല്ലാ ടീമുകളും പുറത്ത് വിട്ടിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമയൊടൊപ്പം ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, കിറോന്‍പൊള്ളാർഡ് എന്നിവരെയാണ് മുംബൈ നില നിര്‍ത്തിയത്.
ഇതോടെ വര്‍ഷങ്ങളായി മുംബൈയില്‍ കളിച്ച ഹാർദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, ക്രുണാൽ പാണ്ഡ്യ എന്നിവര്‍ ടീമിന് പുറത്തായി. താരങ്ങളെ ലേലത്തിലൂടെ ടീമിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് ടീമിന്‍റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷനായ സഹീര്‍ ഖാന്‍ നേരത്തെ പ്രതികരിച്ചിരുന്നു.
എന്നാല്‍ വരുന്ന സീസണില്‍ മുംബൈയുടെ ഭാഗമായുണ്ടാവില്ലെന്ന സൂചന നല്‍കിയിരിക്കുകയാണ് ഹര്‍ദിക്. മുംബൈയോട് യാത്ര പറഞ്ഞ് ഹര്‍ദിക് സോഷ്യല്‍ മീഡിയയില്‍ ഇട്ട കുറിപ്പാണ് ഇത് സംബന്ധിച്ച് സൂചന നല്‍കുന്നത്. ‘മുംബൈ ഇന്ത്യൻസിനൊപ്പമുള്ള എന്‍റെ യാത്ര’ എന്ന തല വാചകത്തിലാണ് താരത്തിന്‍റെ കുറിപ്പ്.
‘മുംബൈ ഇന്ത്യൻസിനൊപ്പമുള്ള എന്‍റെ യാത്ര’
‘ഈ ഓർമ്മകൾ ജീവിതകാലം മുഴുവനും എന്നോടൊപ്പമുണ്ടാകും, . ഇവിടെ ഞാനുണ്ടാക്കിയ സൗഹൃദങ്ങൾ, ബന്ധങ്ങൾ, മുംബൈ ഇന്ത്യൻസിന്‍റെ ആരാധകർ... എല്ലാവരോടും ഞാൻ വളരെയധികം കടപ്പെട്ടിരിക്കുന്നു. ഈ ടീമിനോടൊപ്പം ഒരു കളിക്കാരനെന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ഒരുപാട് വളരാൻ സാധിച്ചു.
വലിയ സ്വപ്നങ്ങളുള്ള ഒരാളായാണ് ഞാനിവിടെ എത്തിയത്. നമ്മൾ ഒരുമിച്ച് കളിച്ചു, ഒരുമിച്ച് ജയിച്ചു, ഒരുമിച്ചു തോറ്റു, ഒരുമിച്ച് പൊരുതി. ഈ ടീമിനൊപ്പമുള്ള ഓരോ നിമിഷത്തിനും എന്‍റെ ഹൃദയത്തില്‍ വലിയ സ്ഥാനമുണ്ട്. എല്ലാ നല്ല കാര്യങ്ങൾക്കും ഒരവസാമുണ്ടെന്നാണ് പറയുന്നത്. മുംബൈ ഇന്ത്യൻസ് എക്കാലവും എന്‍റെ ഹൃദയത്തിലുണ്ടാകും’ – ഹര്‍ദിക് കുറിച്ചു.
2015ല്‍ മെഗാ ലേലത്തിലൂടെയാണ് 10 ലക്ഷം രൂപയ്‌ക്ക് ഹര്‍ദികിനെ മുംബൈ ടീമിലെത്തിച്ചത്. തുടര്‍ന്ന് ഏഴ് സീസണുകളില്‍ താരം മുംബൈക്കായി കളത്തിലിറങ്ങി. മുംബൈയുടെ നാല് ഐപിഎല്‍ കിരടങ്ങളിലും ഹര്‍ദിക് പങ്കാളിയായിട്ടുണ്ട്. ഇതില്‍ 2019, 20 സീസണുകളിലെ തുടര്‍ച്ചയായ രണ്ട് കിരീടങ്ങളും ഉള്‍പ്പെടും.