ദുബായ് :ടി20 ലോകകപ്പ് ഇന്ത്യ നേടുമോ എന്നതിനെക്കാൾ ആരാധകർക്കിടയിൽ ഉയർന്നുവന്ന ചോദ്യമായിരുന്നു ലോകകപ്പിൽ ഹാർദിക് പാണ്ഡ്യ പന്തെറിയുമോ എന്നത്. അതിനുത്തരമായി ആദ്യ മത്സരങ്ങളിൽ പന്തെറിയില്ലെന്ന് താരവും ബിസിസിഐയും അറിയിച്ചിരുന്നു. എന്നാൽ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മാസങ്ങൾക്ക് ശേഷം ഹാർദിക് പാണ്ഡ്യ പന്തെറിയാൻ തുടങ്ങിയിരിക്കുന്നു.
ന്യൂസിലാൻഡിനെതിരായ നിർണായക മത്സരത്തിന് മുന്നോടിയായാണ് താരം നെറ്റ്സിൽ പന്തെറിഞ്ഞത്. ഭുവനേശ്വർ കുമാറിനൊപ്പമായിരുന്നു ബോളിങ് പരിശീലനം. ക്യാപ്‌റ്റന്‍ വിരാട് കോലി, മുഖ്യ പരിശീലകൻ രവി ശാസ്‌ത്രി, ഉപദേഷ്‌ടാവ് എംഎസ് ധോണി എന്നിവർ ഹാർദിക്കിന്‍റെ ബോളിങ് നിരീക്ഷിക്കാൻ ഒപ്പമുണ്ടായിരുന്നു.
ജൂലൈയിൽ നടന്ന ശ്രീലങ്കൻ പര്യടനത്തിലായിരുന്നു ഹാർദിക് അവസാനമായി പന്തെറിഞ്ഞത്. 2019ൽ പുറംഭാഗത്തേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ ശേഷമാണ് താരത്തിന്‍റെ ഫോമിൽ വിള്ളൽ വീണുതുടങ്ങിയത്. ഇതിനിടെ ബോൾ ചെയ്യാത്ത താരത്തെ ലോകകപ്പ് ടീമിലെടുത്തതിനെതിരെയും ഒട്ടേറെ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.
ALSO READ :വംശീയവാദിയല്ല, അങ്ങനെ വിളിക്കുന്നത് വേദനിപ്പിക്കുന്നു : ക്വിന്‍റൺ ഡി കോക്ക്
അതിനിടെ പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിലും ഹാർദിക്കിന് പരിക്കേറ്റിരുന്നു. എന്നാൽ പരിക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്നതല്ലെന്ന് ടീം മെഡിക്കൽ സംഘം അറിയിച്ചിരുന്നു. എന്നാൽ പാകിസ്ഥാനെതിരെ ബാറ്റിങ്ങിലും പരാജയപ്പെട്ട താരം അടുത്ത മത്സരത്തിൽ ടീമിലുണ്ടാകില്ലെന്ന രീതിയിലും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം നെറ്റ്സിൽ ബോളിങ്ങ് പരിശീലനം നടത്തിയത്.