ന്യൂഡല്‍ഹി :ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) വിജയക്കുതിപ്പ് തുടരുകായാണ് ഓസ്‌ട്രേലിയ (Australia). ആദ്യത്തെ രണ്ട് മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന കങ്കാരുപ്പട പിന്നീടുള്ള മൂന്ന് കളികളും ജയിച്ച് സെമി ഫൈനല്‍ സാധ്യതകളും സജീവമാക്കി. നിലവില്‍ ആറ് പോയിന്‍റോടെ ന്യൂസിലന്‍ഡിന് പിന്നിലായി പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഓസ്‌ട്രേലിയ (Cricket World Cup 2023 Points Table).
ലോകകപ്പിലെ അഞ്ചാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 309 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ഈ ജയത്തോടെ നെറ്റ് റണ്‍റേറ്റും മെച്ചപ്പെടുത്താന്‍ കങ്കാരുപ്പടയ്‌ക്കായി. ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഡച്ച് പടയ്‌ക്കെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ സെഞ്ചുറിക്കരുത്തിലാണ് 399 എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്.
ആറാം നമ്പറില്‍ ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ വെടിക്കെട്ട് സെഞ്ചുറിയായിരുന്നു ഓസീസ് സ്കോര്‍ അതിവേഗം ഉയര്‍ത്തിയത്. 40 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ മാക്‌സ്‌വെല്‍ 44 പന്തില്‍ 106 റണ്‍സുമായിട്ടാണ് മടങ്ങിയത്. ലോകകപ്പിലെ അതിവേഗ സെഞ്ചുറി എന്ന റെക്കോഡ് ഈ പ്രകടനത്തോടെ സ്വന്തം പേരിലാക്കാനും ഓസീസ് ഓള്‍റൗണ്ടറിനായി.
ദക്ഷിണാഫ്രിക്കന്‍ താരം എയ്‌ഡന്‍ മാര്‍ക്രം ഈ ലോകകപ്പില്‍ സ്ഥാപിച്ച റെക്കോഡാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലൂടെ തകര്‍ത്തത്. വേഗതയേറിയ അര്‍ധ സെഞ്ചുറി, സെഞ്ചുറി റെക്കോഡുകള്‍ താന്‍ ഏറെ ഇഷ്‌ടപ്പെടുന്നുണ്ടെന്ന് മത്സരശേഷം കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട മാക്‌സ്‌വെല്‍ വ്യക്തമാക്കി.