ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ ( Kapil Dev) തട്ടിക്കൊണ്ടുപോകുന്നുവെന്ന തരത്തിലുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ( Kapil Dev's Kidnapping Video). കപില്‍ ദേവിന്‍റെ കൈകള്‍ പിന്നില്‍ കെട്ടി രണ്ടുപേര്‍ ചേര്‍ന്ന് നിര്‍ബന്ധപൂര്‍വം നടത്തികൊണ്ടുപോകുന്നതായിരുന്നു വീഡിയോ. ഇന്ത്യയുടെ മുന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍ Gautam Gambhir) അടക്കമുള്ളവര്‍ ഇത് പങ്കുവച്ചിരുന്നു. 64-കാരനായ കപിലിന്‍റെ വായ തുണികൊണ്ട് കെട്ടിയതായും വീഡിയോയില്‍ കാണാമായിരുന്നു.
നടക്കുന്നതിനിടെ ഏറെ നിസഹായനായി കപില്‍ തിരിഞ്ഞ് നോക്കുന്നുമുണ്ട്. ഇത് യഥാര്‍ഥ കപില്‍ ദേവ് അല്ലെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം സുഖമായി ഇരിക്കുന്നുവെന്ന് കരുതുന്നതായും വീഡിയോ പങ്കുവച്ചുകൊണ്ട് ഗൗതം ഗംഭീര്‍ എക്‌സില്‍ എഴുതിയിരുന്നു. ഈ വീഡിയോ മറ്റാര്‍ക്കെങ്കിലും കിട്ടിയോ എന്നും 41-കാരന്‍ ചോദിച്ചിരുന്നു. ഇതോടെ ഇതൊരു യഥാര്‍ഥ തട്ടിക്കൊണ്ടുപോകല്‍ തന്നെയാണോ എന്ന് ആരാധകരില്‍ ചിലരെങ്കിലും സംശയിച്ചിരുന്നു.
എന്നാലിതാ സത്യം തുറന്നുപറഞ്ഞിരിക്കുകയാണ് ഗംഭീര്‍ (Gautam Gambhir on Kapil Dev's 'Kidnapping' Video). ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന്‍റെ ഭാഗമായി ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ (disney plus hotstar) തയ്യാറാക്കുന്ന പരസ്യത്തിന്‍റെ ഭാഗമായുള്ളതാണ് പ്രസ്‌തുത വീഡിയോ എന്നാണ് ഗംഭീര്‍ എക്‌സിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കപില്‍ നല്ല പ്രകടനം കാഴ്‌ചവച്ചതായും, അഭിനയത്തിനുള്ള ലോകകപ്പ് അദ്ദേഹത്തിന് തന്നെയെന്നും പരസ്യം പങ്കുവച്ചുകൊണ്ട് ഗംഭീര്‍ എക്‌സില്‍ എഴുതിയിട്ടുണ്ട്.
ഏകദിന ലോകകപ്പിന്‍റെ ഡിജിറ്റല്‍ സംപ്രേഷണാവകാശം ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ ആണ് സ്വന്തമാക്കിയത്. റിലയൻസിന്‍റെ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമയുടെ (JioCinema) വരവോടെ ഡിസ്‌നി+ഹോട്ട്‌സ്റ്റാറിന് തങ്ങളുടെ ഉപയോക്താക്കളില്‍ വലിയ പങ്ക് നഷ്‌ടപ്പെട്ടിരുന്നു. 2022-ലെ ഫിഫ ലോകകപ്പും പിന്നീട് പല ക്രിക്കറ്റ് മത്സരങ്ങളും പ്രേക്ഷകർക്ക് സൗജന്യമായി കാണാൻ അവസരമൊരുക്കിയാണ് ജിയോ സിനിമ ആളെപ്പിടിച്ചത്.