മുംബൈ:ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം മഴയെടുത്തിരുന്നു (India vs Pakistan). പല്ലേക്കലെ അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയുടെ ഇന്നിങ്‌സ് പൂര്‍ത്തിയായെങ്കിലും പാകിസ്ഥാന് ഒരു പന്തുപോലും ബാറ്റ് ചെയ്യാനാവാതെ വരികയായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ-പാക് ടീമിലെ താരങ്ങള്‍ തമ്മില്‍ സൗഹൃദം പങ്കിടുന്ന കാഴ്‌ചയും കാണാന്‍ കഴിഞ്ഞു.
എന്നാല്‍ എതിര്‍ ടീമുമായുള്ള സൗഹൃദം കളത്തിന് പുറത്ത് മാത്രം മതിയെന്ന ശക്തമായ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുയാണ് ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീര്‍ (Gautam Gambhir On India Pakistan Players friendship). ഇന്ത്യൻ ടീം 140 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്നുണ്ടെന്ന കാര്യം മറക്കരുതെന്നും ഗൗതം ഗംഭീര്‍ (Gautam Gambhir) പറഞ്ഞു.
"ദേശീയ ടീമിനായി കളിക്കുമ്പോൾ, സൗഹൃദം മൈതാനത്തിന് പുറത്ത് നിര്‍ത്തണം. ആക്രമണോത്സുകതയാണ് അവിടെ വേണ്ടത്. ആറോ ഏഴോ മണിക്കൂർ ക്രിക്കറ്റിന് ശേഷം നിങ്ങൾക്ക് ഇഷ്‌ടം പോലെ സൗഹൃദം പുലർത്താം.
എന്നാല്‍ മൈതാനത്തിന് അകത്തുള്ള ഓരോ നിമിഷവും പ്രധാനമാണ്. കാരണം നിങ്ങൾ നിങ്ങളെ മാത്രമല്ല പ്രതിനിധീകരിക്കുന്നത്. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെയാണ്. സമീപകാലത്തായി എതിരാളികളായ ടീമുകളിലെ കളിക്കാര്‍ പരസ്പരം പുറത്ത് തട്ടി അഭിനന്ദിക്കുന്നതും തമാശ പറയുന്നതുമൊക്കെ ഗ്രൗണ്ടില്‍ കാണാനാവും. എന്നാല്‍ കുറച്ച് വർഷങ്ങൾക്ക് മുമ്പ് നിങ്ങൾക്ക് അത് ഒരിക്കലും കാണാനാവില്ല"- ഗൗതം ഗംഭീര്‍ വ്യക്തമാക്കി.