കേരളം

kerala

ETV Bharat / sports

WTC Final | കിരീടം ആർക്ക്...? അഞ്ച് മുന്‍ താരങ്ങളുടെ പ്രവചനമിതാ... - രവി ശാസ്‌ത്രി

റിക്കി പോണ്ടിങ്, രവി ശാസ്‌ത്രി, വസിം അക്രം, ഇയാന്‍ ബെല്‍, റോസ് ടെയ്‌ലര്‍ എന്നിവരാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയികളെ പ്രവചിച്ചത്.

Etv Bharat
Etv Bharat

By

Published : Jun 6, 2023, 2:25 PM IST

ലണ്ടന്‍:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരാട്ടം ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. നാളെ (ജൂണ്‍ 7) ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഓവല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന മത്സരത്തിനായി ഇന്ത്യ -ഓസ്‌ട്രേലിയ ടീമുകള്‍ ഇറങ്ങുന്നത് കാണാന്‍ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആദ്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പാണ് ഇരു ടീമിന്‍റെയും ലക്ഷ്യം.

ഇന്ത്യയ്‌ക്ക് രണ്ടാം ഫൈനലാണ്. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ എത്തിയെങ്കിലും ന്യൂസിലന്‍ഡിന് മുന്നില്‍ അവര്‍ വീണു. അന്ന് നഷ്‌ടപ്പെട്ട കിരീടം തിരികെ പിടിക്കാനാണ് ഇപ്രാവശ്യം രോഹിതിന്‍റെയും സംഘത്തിന്‍റെയും വരവ്.

മറുവശത്ത് ഓസ്‌ട്രേലിയയുടെ ആദ്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണിത്. 2019-21ലെ ടൂര്‍ണമെന്‍റിലെ മൂന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയ ഇപ്രാവശ്യം പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായിട്ടായിരുന്നു ഫൈനലിന് യോഗ്യത നേടിയത്.

നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഒരുക്കങ്ങളിലാണ് ഇരുടീമും. ഇതിനിടെ ഇപ്രാവശ്യത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരാകും സ്വന്തമാക്കുക എന്ന പ്രവചനവുമായി രംഗത്തെത്തിയിക്കുകയാണ് അഞ്ച് മുന്‍ താരങ്ങള്‍. ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്, ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ രവി ശാസ്‌ത്രി, പാകിസ്ഥാന്‍ താരം വസിം അക്രം, ന്യൂസിലന്‍ഡിന്‍റെ റോസ് ടെയ്‌ലര്‍, ഇംഗ്ലണ്ട് മുന്‍ താരം ഇയാന്‍ ബെല്‍ എന്നിവരാണ് പ്രവചനം നടത്തിയിരിക്കുന്നത്...

Also Read :WTC Final | 'സമ്മര്‍ദങ്ങളൊന്നുമില്ല, കിരീടം നേടാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ'; ദ്രാവിഡ് ആത്മവിശ്വാസത്തിലാണ്

ചിലരുടെ അഭാവവും പരിക്കും തിരിച്ചടിയാകും:ഇപ്രാവശ്യത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഓസ്‌ട്രേലിയ സ്വന്തമാക്കുമെന്നാണ് അവരുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിന്‍റെ പ്രവചനം. അതിനുള്ള കാരണങ്ങളും പോണ്ടിങ് തന്നെ വ്യക്തമാക്കുന്നുണ്ട്. കെഎല്‍ രാഹുല്‍, ജസ്‌പ്രീത് ബുംറ എന്നിവരുടെ അഭാവവും ചില താരങ്ങളുടെ പരിക്കും ഇന്ത്യയ്‌ക്ക് തിരിച്ചടി സമ്മാനിക്കുമെന്നാണ് പോണ്ടിങ്ങിന്‍റെ വിലയിരുത്തല്‍.

ഓസ്‌ട്രേലിയയ്‌ക്ക് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടെന്ന് തോന്നുന്നില്ല. ജൂണ്‍ തുടക്കത്തില്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ഓസ്‌ട്രേലിയയിലേത് പോലെ സമാനമാണെന്നും പോണ്ടിങ് പറഞ്ഞു.

'ആദ്യ പഞ്ച്' ചെയ്യുന്നവര്‍ ജയിക്കും:വേറിട്ട രീതിയിലായിരുന്നു മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രിയുടെ പ്രവചനം. ഏത് ടീമാകും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടുക എന്ന് ശാസ്‌ത്രി പേരെടുത്ത് പറയാന്‍ തയ്യാറായില്ല. പകരം, മത്സരത്തിന്‍റെ ആദ്യ ദിനത്തില്‍ ആധിപത്യം നേടുന്നവര്‍ ജയിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

വസിം അക്രം ഓസ്‌ട്രേലിയക്കൊപ്പം: ഇംഗ്ലണ്ടില്‍ ജൂണിലെ സാഹചര്യങ്ങള്‍ ഓസ്‌ട്രേലിയയ്‌ക്ക് അനുകൂലമാകുമെന്നാണ് വസിം അക്രം അഭിപ്രായപ്പെടുന്നത്. ഈ കാര്യമാണ് മത്സരം ഓസ്‌ട്രേലിയയുടെ കയ്യില്‍ എത്തിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം ഇരു ടീമിനും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിച്ചിരുന്നുവെന്നും അക്രം പറഞ്ഞു.

നന്നായി ബാറ്റുചെയ്യുന്നവര്‍ ജയിക്കും:രസകരമായ പ്രവചനമാണ് മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബെല്‍ നടത്തിയത്. മത്സരത്തില്‍ ഉടനീളം മികച്ച ബാറ്റിങ് പ്രകടനം നടത്തുന്ന ടീമിനൊപ്പമാകും ജയമെന്നാണ് ഇയാന്‍ ബെല്ലിന്‍റെ പ്രവചനം. ഓവലില്‍ അഞ്ച് ദിവസവും ആവേശകരമായ മത്സരം തന്നെ നടക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചെറിയ മുന്‍തൂക്കം ഓസ്‌ട്രേലിയയ്‌ക്ക്: കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന്‍റെ വിജയ റണ്‍ നേടിയ താരമാണ് റോസ്‌ ടെയ്‌ലര്‍. ഇപ്രാവശ്യവും ഇന്ത്യക്ക് ചാമ്പ്യന്മാരാകാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. ഇംഗ്ലണ്ടിലെ സാഹചര്യവും പരിക്കുകളും ഇന്ത്യയ്‌ക്ക് തിരിച്ചടിയാകുമെന്നാണ് ടെയ്‌ലറുടെ വിലയിരുത്തല്‍.

Also Read :WTC Final | ഓവലില്‍ ഇന്ത്യയുടെ 'നടുവൊടിയും'; ഫൈനലില്‍ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടുന്ന റെക്കോഡുകള്‍

ABOUT THE AUTHOR

...view details