ഖത്തർ: മൊറോക്കൻ കരുത്തിൽ തകർന്നടിഞ്ഞ് പോർച്ചുഗൽ പട. ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് മൊറോക്കോ പോർച്ചുഗല്ലിനെ തകർത്തത്. 42-ാം മിനിട്ടിൽ യൂസഫ് എൻ നെസിറിയാണ് മൊറോക്കോയുടെ വിജയഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിലേതുപോലെ ആദ്യ ഇലവനിൽ റൊണാൾഡോയെ ഉൾപ്പെടുത്താതെയാണ് പോർച്ചുഗൽ ഇന്നും കളത്തിലിറങ്ങിയത്. മത്സരത്തിന്‍റെ 51-ാം മിനിട്ടിൽ റൊണാൾഡോ കളത്തിലേക്കെത്തിയത്.
മത്സരത്തിലുടനീളം പോർച്ചുഗലിനായിരുന്നു ആധിപത്യം. പന്തടക്കത്തിലും പാസുകളിലും മൊറോക്കോയെക്കാൾ ഏറെ മുന്നിലായിരുന്നു പോർച്ചുഗൽ. കിക്കോഫായി മത്സരത്തിന്‍റെ അഞ്ചാം മിനിട്ടിൽ തന്നെ പോർച്ചുഗല്ലിന് അനുകൂലമായ ആദ്യ ഫ്രീകിക്ക് റഫറി അനുവദിച്ചു. എന്നാൽ ഫെലിക്‌സിന്‍റെ ഹെഡർ ബോനോ തട്ടിത്തെറിപ്പിച്ചു. 26-ാം മിനിട്ടിൽ മൊറോക്കോയുടെ സിയെച്ചിന്‍റെ ഫ്രീകിക്ക് തലനാരിഴയ്‌ക്കാണ് ഗോളാകാതെ മാറിയത്.
പോർച്ചുഗൽ ഞെട്ടിയ ഗോൾ: 30-ാം മിനിട്ടിൽ ഫെലിക്‌സിന്‍റെ ഉഗ്രന്‍ ഷോട്ട് ഡിഫ്ലക്ഷനായി പുറത്തേക്ക് തെറിച്ചു. എന്നാൽ 42-ാം മിനിട്ടിൽ പോർച്ചുഗല്ലിനെ ഞെട്ടിച്ച് മൊറോക്കോ ആദ്യ വെടി പൊട്ടിച്ചു. യൂസഫ് എൻ നെസിറിയാണ് മൊറോക്കോയ്ക്ക് ലീഡ് സമ്മാനിച്ചത്. യഹിയ എൽ ഇദ്രിസിയുടെ പാസിൽ നിന്നായിരുന്നു നെസിറിയുടെ തകർപ്പൻ ഹെഡർ ഗോൾ. ഗോളിക്ക് ഒരവസരവും നൽകാതെ പന്ത് അതിവേഗം പോർച്ചുഗൽ ഗോൾ പോസ്റ്റിനെ മുത്തമിട്ടു.
ഇതിന് പിന്നാലെ പോർച്ചുഗല്ലും ആക്രമണം ആരംഭിച്ചു. മൊറോക്കോ ഗോളിന് തൊട്ടുപിന്നാലെ വലതുവിങ്ങിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസ് തൊടുത്ത തകർപ്പൻ ഷോട്ട് മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോനുവിനെ മറികടന്നെങ്കിലും ക്രോസ് ബാറിൽത്തട്ടി തെറിച്ചുപോയത് പോർച്ചുഗൽ തലയിൽ കൈവെച്ചാണ് കണ്ടത്. ഇതോടെ ആദ്യ പകുതി ഒരു ഗോൾ ലീഡുമായി പോർച്ചുഗൽ അവസാനിപ്പിച്ചു.
റൊണാൾഡോയുടെ വരവ്: രണ്ടാം പകുതിൽ മറുപടി ഗോൾ നേടാനുറച്ച് തന്നെയാണ് പോർച്ചുഗൽ കളത്തിലെത്തിയത്. ആദ്യ പകുതിയിൽ ഗോൾ വീണതോടെ ക്രിസ്റ്റ്യാനോ എന്ന കാണികളുടെ ആരവം സ്റ്റേഡിയമൊട്ടാകെ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു. മത്സരത്തിന്‍റെ 51-ാം മിനിട്ടിലാണ് റൊണാൾഡോയെ കളത്തിലേക്കിറക്കാൻ പരിശീലകൻ ഫെർണാന്‍റോ സാന്‍റോസ് തയ്യാറായത്. താരം കളത്തിലേക്കെത്തിയതോടെ മറ്റ് ടീം അംഗങ്ങളും ഉണർന്ന് കളിക്കാൻ തുടങ്ങി.