മുംബൈ :ഐപിഎല്‍ 2024ന് മുന്‍പ് മുംബൈ ഇന്ത്യന്‍സിന്‍റെ നായകനായി ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചിരിക്കുകയാണ്. കഴിഞ്ഞ പത്ത് സീസണിലും ടീമിനെ നയിച്ച രോഹിത് ശര്‍മയെ നായക സ്ഥാനത്ത് നിന്നും നീക്കിക്കൊണ്ടാണ് കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണിലും ഗുജറാത്ത് ടൈറ്റന്‍സിനായി കളിച്ച ഹാര്‍ദിക്കിന് മുംബൈ പുതിയ ചുമതല നല്‍കിയത്. ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തില്‍ ആരാധകര്‍ ഒട്ടും ഹാപ്പിയല്ല.
പുതിയ സീസണിന് മുന്നോടിയായി രോഹിത് ശര്‍മയെ നായക സ്ഥാനത്ത് നിന്നും നീക്കി കൊണ്ട് ടീം മാനേജ്‌മെന്‍റ് തങ്ങളെ വഞ്ചിച്ചു. അനവസരത്തിലാണ് മുംബൈ മാനേജ്‌മെന്‍റ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്. എന്നിങ്ങനെയുള്ള വാദങ്ങളാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ആരാധകര്‍ ഉന്നയിക്കുന്നത്.
#ShameOnMI എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സില്‍ ട്രെന്‍ഡിങ് ആകുകയും ചെയ്‌തു. ഇന്‍സ്റ്റഗ്രാം, എക്‌സ് എന്നിവയില്‍ ടീമിനെ ആരാധകര്‍ അണ്‍ഫോളോ ചെയ്‌തുമാണ് തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്.
അതേസമയം, രോഹിത് ശര്‍മയെ എന്തുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സിന്‍റെ നായക സ്ഥാനത്ത് നിന്നും നീക്കിയത് എന്നതിനുള്ള കാരണം ടീമിന്‍റെ ഗ്ലോബല്‍ പെര്‍ഫോമന്‍സ് തലവന്‍ മഹേള ജയവര്‍ധനെ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ടീമിന്‍റെ ഭാവി മുന്നില്‍ കണ്ടുള്ള തീരുമാനമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത് എന്നാണ് ജയവര്‍ധന കഴിഞ്ഞ ദിവസം അറിയിച്ചത്.