ദോഹ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിന പരമ്പയ്‌ക്കുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ നിന്നും മലയാളി ബാറ്റര്‍ സഞ്ജു സാംസണിനെ തഴഞ്ഞതിലുള്ള പ്രതിഷേധം ഫുട്ബോള്‍ ലോകകപ്പ് വേദിയിലും. സഞ്ജുവിനെ പിന്തുണയ്‌ക്കുന്ന ബാനറുകളുമായി നിരവധി ആരാധകരാണ് ഖത്തറിലെ ലോകകപ്പ് മത്സരങ്ങള്‍ കാണാനെത്തിയത്. ഇതിന്‍റെ ചിത്രങ്ങള്‍ ഐപിഎല്ലില്‍ സഞ്‌ജുവിന്‍റെ ടീമായ രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ടി20 പരമ്പരയില്‍ നിന്നും പൂര്‍ണമായി തഴയപ്പെട്ട സഞ്‌ജു ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ സഞ്‌ജുവിന് സ്ഥാനം നഷ്‌ടപ്പെട്ടപ്പോള്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ് പ്ലേയിങ് ഇലവനിലെത്തിയത്. മോശം ഫോമിലുള്ള റിഷഭ് പന്തിന് നിരന്തരം അവസരം നല്‍കുന്നതും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.
ബിസിസിഐയും മാനേജ്‌മെന്‍റും വ്യത്തികെട്ട രാഷ്‌ട്രീയം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് നിരവധി ആരാധകരാണ് ട്വിറ്ററില്‍ രംഗത്തെത്തിയത്. സഞ്‌ജുവിനെ പിന്തുണച്ച് ഇന്ത്യയുടെ മുന്‍ താരം മുരളി കാർത്തിക് രംഗത്തെത്തിയിരുന്നു. ഒരു ഏകദിനം മാത്രം കളിപ്പിച്ച ശേഷം സഞ്ജുവിനെപ്പോലെ പ്രതിഭാസമ്പന്നനായ താരത്തെ ഒഴിവാക്കിയത് കടുത്ത തീരുമാനമായിരുന്നുവെന്നാണ് മുരളി കാർത്തിക് പ്രതികരിച്ചത്.