മുംബൈ: ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതില്‍ നിരാശ പ്രകടിപ്പിച്ച് ആരാധകര്‍. യുവതാരങ്ങളായ സഞ്‌ജുവും ഇഷാനും വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമിയും ടീമിന്‍റെ ഭാഗമാവേണ്ടിയിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. വിന്‍ഡീസിനെതിരെ ഏകദിന, ടി20 പരമ്പരകളില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ സഞ്‌ജുവിന് കഴിഞ്ഞിരുന്നു.
ഇതോട സഞ്‌ജുവിനെ തഴഞ്ഞത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി നിരവധിപേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം രോഹിത് ശര്‍മ നായകനായ 15 അംഗ ടീമിനെയാണ് ബിസിസിഐ ഏഷ്യകപ്പിനായി പ്രഖ്യാപിച്ചത്. ടി20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ടൂര്‍ണമെന്‍റില്‍ യുവത്വവും, പരിചയസമ്പത്തും നിറഞ്ഞ താരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിരാട് കോലിയും കെഎല്‍ രാഹുലും തിരിച്ചെത്തിയതോടെയാണ് സഞ്‌ജുവിനും ഇഷാനും ടീമില്‍ സ്ഥാനം നഷ്‌ടമായത്. റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലെത്തിയത്. ദീപക് ഹൂഡയുടെ തകര്‍പ്പന്‍ ഫോമും പരിഗണിക്കപ്പെട്ടു. സ്‌പിന്നര്‍മാരായി നാല് പേരാണ് ടീമിലുള്ളത്. വെറ്ററന്‍ താരം അശ്വിന്‍, രവീന്ദ്ര ജഡേജ, യൂസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയ് എന്നിര്‍ ടീമില്‍ സ്ഥാനം നേടി.
ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ ഇടം നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍ എന്നിവര്‍ക്കാണ് പേസ് ബൗളിങ് ചുമതല. പരിക്കിനെ തുടര്‍ന്ന് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഒഴിവാക്കി. ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍ എന്നിവരാണ് സ്റ്റാന്‍ഡ് ബൈ താരങ്ങള്‍. ഈ മാസം 27 മുതല്‍ സെപ്റ്റംബര്‍ 11 വരെ യു.എ.ഇയിലാണ് ഏഷ്യ കപ്പ് ടൂര്‍ണമെന്‍റ് നടക്കുന്നത്.