മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ്. ഐപിഎല്‍ കരിയറില്‍ ഒരിക്കല്‍ പോലും കിരീടം നേടാനായിട്ടില്ലെങ്കിലും മികച്ച പ്രകടനത്തിലൂടെ ഒരു ആരാധകവൃന്ദത്തെ സൃഷ്‌ടിക്കാന്‍ ഡിവില്ലിയേഴ്‌സിന് കഴിഞ്ഞിട്ടുണ്ട്. 2008ൽ ഡൽഹി ഡെയർഡെവിൾസിനൊപ്പം ഐപിഎൽ കരിയർ ആരംഭിച്ച ഡിവില്ലിയേഴ്‌സ് പിന്നീട് 2011ൽ റോയല്‍ ചലഞ്ചേഴ്‌സിലേക്ക് ചേക്കേറിയിരുന്നു.
തുടര്‍ന്ന് വിരാട് കോലിക്കൊപ്പം ബംഗ്ലൂരിന്‍റെ നെടുന്തൂണായും എബി ഡിവില്ലിയേഴ്‌സ് മാറി. 2021ല്‍ ഐപിഎല്‍ മതിയാക്കും മുമ്പ് ബാംഗ്ലൂരിനായി 158.33 സ്‌ട്രൈക്ക് റേറ്റിൽ 4522 റൺസാണ് പ്രോട്ടീസിന്‍റെ മുന്‍ നായകന്‍ അടിച്ച് കൂട്ടിയത്. രണ്ട് സെഞ്ച്വറികളും 37 അർധ സെഞ്ച്വറികളും ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം.
എബി ഡിവില്ലിയേഴ്‌സ് ബാംഗ്ലൂര്‍ ജഴ്‌സിയില്‍ ഇതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായും ഡിവില്ലിയേഴ്‌സ് മാറി. എന്നാല്‍ ബാംഗ്ലൂരിനൊപ്പം 10 വര്‍ഷത്തിലേറെ നീണ്ട ഡിവില്ലിയേഴ്‌സിന്‍റെ കരിയര്‍ അത്ര മികച്ചതൊന്നുമല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീർ. റോയല്‍ ചലഞ്ചേഴ്‌സിന്‍റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയം ചെറുതാണെന്നും ഡിവില്ലിയേഴ്‌സിന് വ്യക്തിഗത റെക്കോഡുകൾ മാത്രമേ നേടാൻ കഴിഞ്ഞിട്ടുള്ളൂവെന്നുമാണ് ഗംഭീര്‍ പറയുന്നത്.
"ഐപിഎല്ലില്‍ നാല് കിരീടങ്ങള്‍ നേടാന്‍ സുരേഷ് റെയ്‌നയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ഡിവില്ലിയേഴ്‌സിന് വ്യക്തിഗത റെക്കോഡുകള്‍ മാത്രമാണ് ഐപിഎല്ലില്‍ ഉള്ളത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ചെറിയ ഗ്രൗണ്ടില്‍ നേടിയതാണത്.
എട്ടോ പത്തോ വര്‍ഷം അവിടെ തുടര്‍ച്ചയായി കളിക്കാന്‍ കഴിഞ്ഞാല്‍ ഏതൊരു താരത്തിനും സ്വന്തമാക്കാന്‍ കഴിയുന്ന റെക്കോഡ് മാത്രമാണത്'', ഗൗതം ഗംഭീര്‍ പറഞ്ഞു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ കിരീടത്തിലേക്ക് നയിച്ച നായകന്‍ കൂടിയാണ് ഗംഭീര്‍. 2012ലും 2014ലുമാണ് ഗംഭീറിന് കീഴില്‍ കൊല്‍ക്കത്ത കിരീടം ചൂടിയത്.
ഗൗതം ഗംഭീർ ഐപിഎല്‍ കിരീടവുമായി
ഇതിന് പിന്നാലെ ഗൗതം ഗംഭീറിന്‍റെ പരാമര്‍ശത്തിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആരാധകര്‍ രംഗത്തെത്തി. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഗംഭീറിന്‍റെ പ്രകടനത്തിന്‍റെ കണക്കുകള്‍ നിരത്തിയാണ് ബാംഗ്ലൂര്‍ ആരാധകര്‍ തിരിച്ചടിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിച്ച 11 ഇന്നിങ്സുകളില്‍ നിന്നും 30.2 ശരാശരി മാത്രമാണ് ഗംഭീറിന്‍റെ ശരാശരിയെന്നാണ് ആരാധകര്‍ പറയുന്നത്.
രണ്ട് അര്‍ധ സെഞ്ച്വറികള്‍ മാത്രമാണ് താരം നേടിയതെന്നും 64 റണ്‍സാണ് ഉയര്‍ന്ന സ്‌കോറെന്നും ഇക്കൂട്ടര്‍ പറയുന്നു. എന്നാല്‍, ചിന്നസ്വാമി സ്റ്റേഡിയത്തിലെ 61 ഇന്നിങ്‌സുകളില്‍ നിന്നും 43.56 ആണ് ഡിവില്ലിയേഴ്‌സിന്‍റെ ശരാശരിയെന്നാണ് അരാധകര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
അതേസമയം ഐപിഎല്ലിന്‍റെ 16-ാമത് പതിപ്പ് ഈ മാസം 31ന് ആരംഭിക്കുകയാണ്. അഹമ്മദാബാദിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം. കഴിഞ്ഞ സീസണിന്‍റെ ഫൈനലില്‍ മലയാളി താരം സഞ്‌ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചാണ് ഗുജറാത്ത് കിരീടം നേടിയത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ചത്.
ALSO READ:കോലിയോ, ഗെയ്‌ലോ അല്ല; ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരത്തെ തെരഞ്ഞെടുത്ത് എബി ഡിവില്ലിയേഴ്‌സ്