തിരുവനന്തപുരം: പരിമിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് സഞ്‌ജു സാംസണ്‍. എന്നാല്‍ ഒരു ഫോർമാറ്റിൽ പോലും ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി മലയാളി താരത്തിന് അവസരം ലഭിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള ടീമില്‍ ഇടം നേടിയെങ്കിലും പരിക്കേറ്റതിനെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു.
ഏകദിന പരമ്പരയ്‌ക്ക് താരത്തെ പരിഗണിച്ചിരുന്നില്ല. എന്നാല്‍ ലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനം നടന്നത് സഞ്‌ജുവിന്‍റെ സ്വന്തം തട്ടകമായ തിരുവനന്തപുരത്താണ്. മത്സരത്തിനിടെ ബൗണ്ടറിക്കരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സൂര്യകുമാര്‍ യാദവിനോട് ചില ആരാധകര്‍ തങ്ങളുടെ സഞ്ജു എവിടെയെന്ന് ചോദിച്ചിരുന്നു.
ഇതിന് സൂര്യകുമാര്‍ യാദവ് നല്‍കിയ മറുപടി ആരാധകരുടെ മനം കവരുന്നതായിരുന്നു. തന്‍റെ കൈകള്‍ കൊണ്ട് ഹൃദയത്തിലെന്നാണ് സൂര്യ ആംഗ്യം കാണിച്ചത്. ഇതിന്‍റെ ദ്യശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.