ഐപിഎല്‍ പന്ത്രണ്ടാം സീസൺ മാർച്ച് 23ന് ആരംഭിക്കാനിരിക്കെ വലിയ തയാറെടുപ്പുകളാണ് ഓരോ ഫ്രാഞ്ചൈസികളും നടത്തുന്നത്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന മുംബൈ ഇന്ത്യൻസ് ചില മാറ്റങ്ങളുമായാണ് ഈ സീസണില്‍ ഇറങ്ങുന്നത്. 2011 ലോകകപ്പില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയായിരുന്ന യുവരാജ് സിംഗിനെ സ്വന്തമാക്കിയതാണ് അതില്‍ ഏറ്റവും പ്രധാനം.
മുംബൈ ഇന്ത്യൻസ് എന്തിന് യുവിയെ സ്വന്തമാക്കി? - സഹീർ ഖാൻ
യുവരാജ് സിംഗിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത് ഒരു കോടി രൂപക്ക്.
2018 ഡിസംബർ 18ന് നടന്ന താരലേലത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോയെ സ്വന്തമാക്കാന്‍ ഒരു ഫ്രാഞ്ചൈസി പോലും മുന്നോട്ട് വന്നിരുന്നില്ല. എന്നാല്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് കൊണ്ട് മൂന്ന് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഒരു കോടി രൂപക്ക് യുവരാജിനെ സ്വന്തമാക്കി. പന്ത്രണ്ടാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ യുവരാജിനെ സ്വന്തമാക്കിയത് എന്തിനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് ഓപ്പറേഷൻസ് ഡയറക്ടറായ സഹീർ ഖാൻ. മത്സരം ജയിപ്പിക്കാനുള്ള കഴിവ് യുവരാജിനുള്ളത് കൊണ്ടാണ് അദ്ദേഹത്തെ മുംബൈ ഇന്ത്യൻസിന്‍റെ സ്ക്വാഡില്‍ ഉൾപ്പെടുത്തിയതെന്ന് സഹീർ ഖാൻ വ്യക്തമാക്കി. യുവിയുടെ വരവ് മുംബൈ ഇന്ത്യൻസിന്‍റെ പ്രകടനത്തില്‍ നിർണായക സ്വാധീനമുണ്ടാക്കുമെന്നും സഹീർ വിലയിരുത്തുന്നു.
കഴിഞ്ഞ സീസണില്‍ പ്ലേഓഫ് പോലും കാണാതെയാണ് മുംബൈ ഇന്ത്യൻസ് പുറത്തായത്. മധ്യനിരയിലെ മോശം പ്രകടനമാണ് മുംബൈക്ക് തിരിച്ചടിയായത്. അതുകൊണ്ട് മധ്യനിരയില്‍ മത്സരം നിയന്ത്രിക്കാൻ കഴിവുള്ള പരിചയസമ്പന്നനായ താരം വേണമെന്ന് മാനേജ്മെന്‍റ് നേരത്തെ തീരുമാനിച്ചിരുന്നു. നായകൻ രോഹിത് ശർമ്മ ഓപ്പണറായതോടെ മധ്യനിരയില്‍ യുവിയുടെ പ്രകടനം ഇത്തവണ വളരെ പ്രധാനമാണെന്നും സഹീർ കൂട്ടിച്ചേർത്തു.