വെയ്‌ല്‍സ് :ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം (England vs Newzealand ODI Series). വെയ്‌ല്‍സിലെ സോഫിയ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റിന്‍റെ മിന്നും ജയമാണ് കിവീസ് സ്വന്തമാക്കിയത് (England vs Newzealand First ODI Result). ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയുടെയും (Devon Conway) നാലാം നമ്പറിലെത്തിയ ഡാരില്‍ മിച്ചലിന്‍റെയും (Daryl Mitchell) സെഞ്ച്വറികളാണ് ഏകദിന ലോകകപ്പിന് മുന്‍പ് ആത്മവിശ്വാസം പകരുന്ന തരത്തിലൊരു ജയം ബ്ലാക്ക് ക്യാപ്‌സിന് സമ്മാനിച്ചത്.
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 291 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. മറുപടി ബാറ്റിങ്ങില്‍ 46-ാം ഓവറില്‍ ഈ സ്‌കോര്‍ മറികടക്കാന്‍ ന്യൂസിലന്‍ഡിന് സാധിച്ചു. 26 പന്ത് ബാക്കി നിര്‍ത്തിയായിരുന്നു കിവീസ് ഇംഗ്ലീഷ് റണ്‍മല കയറിയത്.
292 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡിന് ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വേയും വില്‍ യങ്ങും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 61 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. 11-ാം ഓവറിലെ ആദ്യ പന്തില്‍ വില്‍ യങ്ങിനെ വീഴ്‌ത്തി ആദില്‍ റഷീദാണ് (Adil Rashid) ന്യൂസിലന്‍ഡിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്.