ലണ്ടന്‍:ഓവല്‍ ടെസ്റ്റില്‍ ഇന്ത്യ ജയത്തിനരികെ. ഇന്ത്യ ഉയര്‍ത്തിയ 368 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് അഞ്ചാം ദിനം ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 70 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെന്ന നിലയിലാണ്.
18 റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ടും രണ്ട് റണ്‍സുമായി ക്രിസ് വോക്‌സുമാണ് ക്രീസിലുള്ളത്. റോറി ബേണ്‍സ് (50), ഹസീബ് ഹമീദ് (63), ഡേവിഡ് മലന്‍ (5), ഒലി പോപ്പ് (2), ജോണി ബ്രിസ്റ്റോ (0), മൊയിന്‍ അലി (0) എന്നീ താരങ്ങളാണ് ഇംഗ്ലീഷ് നിരയില്‍ പുറത്തായത്.
ഇന്ത്യയ്‌ക്കായി ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. ശര്‍ദുല്‍ താക്കൂര്‍ ഒരു വിക്കറ്റ് നേടിയപ്പോൾ മലൻ റൺഔട്ടായി. നാല് വിക്കറ്റുകള്‍ ശേഷിക്കെ 52 ഓവറില്‍ 218 റണ്‍സാണ് ഇനി ഇംഗ്ലണിന് വേണ്ടത്.
ഓപ്പണിങ് വിക്കറ്റില്‍ 100 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്തതിന് പിന്നാലെ റോറി ബേണ്‍സിനെ പുറത്താക്കി ശര്‍ദൂല്‍ താക്കൂറാണ് ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 125 പന്തില്‍ 50 റണ്‍സെടുത്ത് ബേണ്‍സിനെ ശര്‍ദൂല്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.
തുടര്‍ന്നെത്തിയ ഡേവിഡ് മലന്‍ റണ്ണൗട്ടായാണ് തിരിച്ചു കയറിയത്. പിന്നാലെ ഹസീബിന്‍റെ കുറ്റി പിഴുത് ജഡേജ ഇംഗ്ലണ്ടിനെ വീണ്ടും പ്രതിരോധത്തിലാക്കി. ക്യാപ്റ്റന്‍ ജോ റൂട്ട് പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞപ്പോള്‍ പോപ്പിന്‍റേയും, ബ്രിസ്റ്റോയുടേയും കുറ്റി തെറിപ്പിച്ച് ബുംറ തിരിച്ചടിച്ചു. മൊയിന്‍ അലിയെ ജഡേജ സൂര്യകുമാറിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.
also read:'രഹാനെയുടെ ഫോമില്‍ ആശങ്കയില്ല, പിന്തുണയ്‌ക്കേണ്ട സമയം': ബാറ്റിങ് കോച്ച് വിക്രം റാത്തോർ
രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ചുറി (127) പ്രകടനവും, ചേതേശ്വര്‍ പുജാര (61), റിഷഭ് പന്ത് (50), ശര്‍ദുല്‍ താക്കൂര്‍ (60) എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനവുമാണ് ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായത്.