കേരളം

kerala

ETV Bharat / sports

തോൽക്കുന്നത് നിരാശാജനകം, പക്ഷേ അവിശ്വസനീയമായൊരു മത്സരത്തിന്‍റെ ഭാഗമായത് ഭാഗ്യം : ബെൻ സ്റ്റോക്‌സ് - WELLINGTON TEST

ആദ്യ ഇന്നിങ്‌സില്‍ ഫോളോ ഓണ്‍ വഴങ്ങിയ ശേഷമാണ് ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെ ഒരു റണ്‍സിന് കീഴടക്കിയത്. 146 വർഷത്തെ ചരിത്രത്തിൽ ഒരു റണ്ണിന് ടെസ്റ്റ് മത്സരം ജയിക്കുന്ന രണ്ടാമത്തെ ടീമായി ന്യൂസിലൻഡ് ഇതോടെ മാറി.

ബെൻ സ്റ്റോക്‌സ്  Ben Stokes  England skipper ben Stokes  after 1 run loss to New Zealand  New Zealand  ന്യൂസിലാൻഡ്  ഇംഗ്ലണ്ട്  സ്റ്റോക്‌സ്  വെല്ലിങ്‌ടണ്‍ ടെസ്റ്റ്  WELLINGTON TEST  വെല്ലിങ്‌ടണിലെ തോൽവിയിൽ പ്രതികരിച്ച് സ്റ്റോക്‌സ്
വെല്ലിങ്‌ടണിലെ തോൽവിയിൽ പ്രതികരിച്ച് സ്റ്റോക്‌സ്

By

Published : Feb 28, 2023, 11:00 PM IST

വെല്ലിങ്‌ടണ്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അവിശ്വസനീയ വിജയങ്ങളിൽ ഒന്നായിരുന്നു വെല്ലിങ്‌ടണിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡ് സ്വന്തമാക്കിയത്. മത്സരത്തിൽ ഒരു റണ്‍സിന്‍റെ അപ്രതീക്ഷിത തോൽവിയാണ് ഇംഗ്ലണ്ട് വഴങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ ഫോളോ ഓണ്‍ വഴങ്ങിയ ശേഷമാണ് ആതിഥേയരായ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത്. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയില്‍ അവസാനിച്ചു.

ഇപ്പോൾ ടീമിന്‍റെ അപ്രതീക്ഷിത തോൽവിയിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സ്. തോൽവിയിലെ വേദനയിലും ഇതുപോലൊരു അവിശ്വസനീയ മത്സരം കളിക്കാനായതിന്‍റെ സന്തോഷത്തിലാണ് താനെന്നാണ് സ്റ്റോക്‌സ് വ്യക്‌തമാക്കിയത്. 'തോൽവി വഴങ്ങിയത് നിരാശാജനകമാണ്. പക്ഷേ ഇന്നത്തെ മത്സരം എല്ലാവരും വളരെ ആസ്വദിച്ചാണ് കണ്ടത്. ഇത് ഇപ്പോഴത്തെ നിരാശയെ മറികടക്കുന്ന ഒന്നാണ്.

തോൽക്കുന്നത് വളരെ നിരാശാജനകമാണ്. മത്സരത്തിന്‍റെ അവസാന ദിവസത്തിലും അവസാന മണിക്കൂറുകളിലും ഞങ്ങൾ വിജയം ഉറപ്പിച്ചിരുന്നതാണ്. പക്ഷേ വിധി മറ്റൊന്നായി. എന്നാൽ ഞങ്ങൾ ഇത്തരത്തിലുള്ള ഒരു ഗെയിമിന്‍റെ ഭാഗമായതിൽ നിങ്ങൾക്ക് ആവേശം കൊള്ളാതിരിക്കാൻ കഴിയില്ല. ഒരു അവിശ്വസനീയമായ ഗെയിമിന്‍റെ ഭാഗമാകാൻ ഞങ്ങൾക്ക് കഴിഞ്ഞു.

ഇതാണ് ടെസ്റ്റ് ക്രിക്കറ്റ്. അവിശ്വസനീയമായ മത്സരം. ഞങ്ങൾ കടന്നുപോയ അതേ വികാരത്തിലൂടെയായിരിക്കും ന്യൂസിലാൻഡിന്‍റെ താരങ്ങളും കടന്ന് പോയിരിക്കുക. ഇത്തരമൊരു ടെസ്റ്റ് മത്സരത്തിന്‍റെ ഭാഗമാകുക എന്നത് അവിശ്വസനീയമായിരുന്നു. എല്ലാവർക്കും അവരുടെ പണത്തിന്‍റെ മൂല്യം ലഭിച്ചു - സ്റ്റോക്‌സ് പറഞ്ഞു.

ഇത് സാഹചര്യങ്ങൾ വിലയിരുത്തുന്ന ഒരു സന്ദർഭമായിരുന്നു. ഞാനും ജോ റൂട്ടും തമ്മിലുള്ള കൂട്ടുകെട്ടിനിടയിൽ ഏതെങ്കിലുമൊരു അവസരത്തിൽ ടിം സൗത്തി മത്സരത്തെ മാറ്റിമറിക്കാനുള്ള പകിടയുമായി എത്തുമെന്ന് എനിക്ക് അറിയാമായിരുന്നു. നീൽ വാഗ്നർ വന്ന് മത്സരം അവർക്ക് അനുകൂലമാക്കി. ചിലപ്പോൾ നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങൾ നടക്കില്ല.

അവസാന ഇന്നിംഗ്‌സിൽ ബാറ്റ് ചെയ്യുക, 250 റണ്‍സ് പിന്തുടരുക എന്നത് ഞങ്ങള്‍ക്ക് പ്രയാസമേറിയ കാര്യമായിരുന്നില്ല. എന്നാൽ അവിടെ ന്യൂസിലൻഡിന് വലിയ ക്രെഡിറ്റ് നൽകണം. അവർ രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റ് ചെയ്‌ത രീതിക്ക് മാത്രമല്ല. അവർ ബൗൾ ചെയ്‌ത രീതിയും മത്സരം വിജയിച്ച രീതിയും മികച്ചതായിരുന്നു. സ്റ്റോക്‌സ് പറഞ്ഞു.

ഇവിടെ തോൽവിയോടെ അവസാനിച്ചതിൽ നിരാശയുണ്ട്. കഴിഞ്ഞ വർഷം ഞങ്ങൾക്ക് മികച്ച സീസണായിരുന്നു. ആഷസിന് മുമ്പ് ഞങ്ങൾക്ക് കുറച്ച് മാസങ്ങൾ അവധിയുണ്ട്. അതിനാൽ ഞങ്ങളാൽ കഴിയുന്നത് ചെയ്യാൻ ഞങ്ങൾ നോക്കും. സ്റ്റോക്‌സ് കൂട്ടിച്ചേർത്തു. വിജയത്തോടെ 146 വർഷത്തെ ചരിത്രത്തിൽ ഒരു റണ്ണിന് ടെസ്റ്റ് മത്സരം ജയിക്കുന്ന രണ്ടാമത്തെ ടീമായി ന്യൂസിലൻഡ് മാറി.

അതേസമയം ടെസ്റ്റ് ചരിത്രത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ഫോളോ ഓണ്‍ ചെയ്‌തശേഷം ഒരു ടീം വിജയം നേടുന്നത് ഇത് നാലാം തവണ മാത്രമാണ്. ടെസ്റ്റ് ചരിത്രത്തില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം ടീമാണ് ന്യൂസിലന്‍ഡ്. 1894ലും 1981ലും ഇംഗ്ലണ്ടും 2001ൽ ഇന്ത്യയുമാണ് ഈ നേട്ടം കൈവരിച്ച മറ്റ് ടീമുകൾ.

ALSO READ:വെല്ലിങ്‌ടണില്‍ കിവീസിന്‍റെ ഐതിഹാസിക തിരിച്ചുവരവ്; രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഒരു റണ്‍സ് ജയം

ABOUT THE AUTHOR

...view details