ബ്രിസ്റ്റോള്‍ : ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന് മികച്ച വിജയം. നിശ്ചിത 50 ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സ് വിജയ ലക്ഷ്യം 34.5 ഓവറിലാണ് രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നത്.
സ്കോര്‍: ഇന്ത്യ 201/8. ഇംഗ്ലണ്ട് 202/2. 87 പന്തില്‍ 87* റണ്‍സെടുത്ത ഒപ്പണര്‍ റ്റാമി ബൗമോണ്ട്, 74 പന്തില്‍ 74* റണ്‍സെടുത്ത നാറ്റ് സ്കൈവർ എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് മികച്ച വിജയം സമ്മാനിച്ചത്.
ക്യാപ്റ്റന്‍ ഹീതർ നൈറ്റ് (18), ലോറന്‍ വിന്‍ഫീല്‍ഡ് ഹില്‍ (16) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന. ഇന്ത്യയ്ക്കായി ജുലൻ ഗോസ്വാമി ആറ് ഓവറില്‍ 25 റണ്‍സ് വഴങ്ങിയും, ഏക്ത ബിഷ്ത് എട്ട് ഓവറില്‍ 55 റണ്‍സ് വഴങ്ങിയും ഒരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
അതേസമയം 108 പന്തില്‍ 72 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിതാലി രാജിന്‍റെ പ്രകടനമാണ് ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായത്. പൂനം റാവത്ത് 61 പന്തില്‍ 32 റണ്‍സും, ദീപ്തി ശര്‍മ 46 പന്തില്‍ 30 റണ്‍സും കണ്ടെത്തി.
സ്മൃതി മന്ദാന(10) ഷഫാലി വര്‍മ (15), പൂജ വസ്‌ത്രാകർ(15), ഹര്‍മന്‍പ്രീത് കൗര്‍ (1), താനിയ ഭാട്ടിയ (7), ശിഖ പാണ്ഡേ (3*), ജുലൻ ഗോസ്വാമി (1*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.
also read: യുവരാജും ക്രിസ് ഗെയ്‌ലും ഒന്നിച്ചേക്കും ; മെൽബണില്‍ തീ പാറും
ഇംഗ്ലണ്ടിനായി സോഫി എക്സ്ലെസ്റ്റൺ 10 ഓവറില്‍ 40 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അനിയ ഷുബോസ്ലെ എട്ട് ഒവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത് രണ്ടും കാതറിൻ ബ്രന്‍റ് 10 ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് രണ്ടും വിക്കറ്റ് വീഴ്ത്തി. കേറ്റ് ക്രോസ് ഏഴ് ഓവറില്‍ വെറും 23 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.