ലണ്ടൻ: ഇംഗ്ലണ്ട് - ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. 273 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 170 റൺസ് മാത്രമാണ് നേടാനായത്. മൂന്നാം ദിവസത്തെ മത്സരം പൂർണമായും മഴകാരണം നഷ്‌ടമായതാണ് ആദ്യ മത്സരം സമനിലയില്‍ കലാശിക്കാൻ കാരണം. ന്യൂസിലൻഡിനായി ആദ്യ ഇന്നിങ്സില്‍ ഇരട്ട സെഞ്ച്വറി നേടിയ ഡെവോൺ കോൺവെയാണ് കളിയിലെ താരം.
ആദ്യ ഇന്നിങ്സില്‍ 378 റൺസ് നേടിയ കിവീസ് 103 റൺസിന്‍റെ ലീഡാണ് സ്വന്തമാക്കിയത്. ആറ് വിക്കറ്റ് നേടിയ ടിം സൗത്തിയുടെ മികച്ച പ്രകടനത്തില്‍ ഇംഗ്ലണ്ടിനെ കിവീസ് 275 റൺസിന് പുറത്താക്കി. 132 റൺസ് നേടിയ റോറി ബേൺസായിരുന്നു ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ.
169ന് ആറ് എന്ന നിലയില്‍ തങ്ങളുടെ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്‌താണ് ന്യൂസിലൻഡ് രണ്ട് സെഷൻ ശേഷിക്കെ 273 റൺസ് എന്ന വിജയലക്ഷ്യം മുന്നോട്ടുവച്ചത്. എന്നാല്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 170 റൺസ് മാത്രമാണ് ഇംഗ്ലണ്ടിന് നേടാനായത്. ഡോമിനിക്ക് സിബ്ലെയാണ് 60 റൺസുമായി രണ്ടാം ഇന്നിങ്സിലെ ടോപ് സ്കോറർ. ജോ റൂട്ട്(40), റോറി ബേൺസ്(25), ഒല്ലി പോപ്(20) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ. കിവീസിനായി നീല്‍ വാഗ്നർ രണ്ടും ടിം സൗത്തി ഒരു വിക്കറ്റും നേടി. രണ്ട് ഇന്നിങ്സുകളിലായി ഏഴ് വിക്കറ്റ് വീഴ്‌ത്തിയ ഒല്ലി റോബിൻസനാണ് ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം കാഴ്‌ചവച്ചത്. വ്യാഴാഴ്‌ച ബിർമിങ്ഹാമിലെ എഡ്‌ജ്ബാസ്റ്റൻ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന മത്സരം.