ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്‌റ്റൻ ബെന്‍ സ്റ്റോക്‌സ്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ഡർഹാമിൽ നടക്കുന്ന ആദ്യ മത്സരത്തിന് ശേഷം വിരമിക്കുമെന്നാണ് താരം അറിയിച്ചത്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ശേഷമാണ് 31-കാരനായ സ്‌റ്റോക്‌സിന്‍റെ വിരമിക്കൽ പ്രഖ്യാപനം.
'ഇംഗ്ലണ്ടിനായി ഞാൻ ചൊവ്വാഴ്‌ച്ച ഡർഹാമിൽ എന്‍റെ അവസാന ഏകദിന മത്സരം കളിക്കും. ഈ ഫോർമാറ്റിൽ നിന്ന് വിരമിക്കാൻ ഞാൻ തീരുമാനിച്ചു. ഇത് അവിശ്വസനീയമാംവിധം കഠിനമായ തീരുമാനമാണ്. ഇംഗ്ലണ്ടിനായി സഹതാരങ്ങൾക്കൊപ്പം കളിക്കുന്ന ഓരോ മിനിറ്റും ഞാൻ ഇഷ്‌ടപ്പെട്ടു' - സ്‌റ്റോക്‌സ് പറഞ്ഞു.
അന്താരാഷ്‌ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റുകൾ കളിക്കുന്നതിന്‍റെ ബുദ്ധിമുട്ടും താൻ വിരമിച്ചാൽ ഒരു യുവതാരത്തിന് ടീമിൽ അവസരം നൽകാനാകുമെന്നതും വിരമിക്കുന്നതിന് കാരണമായി സ്റ്റോക്‌സ് ചൂണ്ടിക്കാട്ടി. 'ഡർഹാമിൽ എന്‍റെ ഹോം ഗ്രൗണ്ടിൽ അവസാന ഏകദിന മത്സരം കളിക്കുന്നത് അതിശയകരമായി തോന്നുന്നു. എല്ലായ്‌പ്പോഴും ഇംഗ്ലണ്ട് ആരാധകർ എനിക്ക് ഒപ്പം ഉണ്ടായിരുന്നു. നിങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച ആരാധകരാണ്. ജയത്തോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്‌ക്ക് മികച്ച രീതിയിൽ തുടക്കം കുറിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' - സ്റ്റോക്‌സ് കൂട്ടിച്ചേർത്തു.