കറാച്ചി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലെ വമ്പന്‍ ജയത്തോടെ പാകിസ്ഥാന് റെക്കോഡ്. കറാച്ചി നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 199 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ പാകിസ്ഥാന്‍ 19.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 203 റണ്‍സ് എടുത്ത് വിജയം ഉറപ്പിച്ചു.
അന്താരാഷ്ട്ര ടി20യില്‍ ഇതാദ്യമായാണ് ഒരു ടീം വിക്കറ്റ് നഷ്ടമില്ലാതെ 200 റണ്‍സ് എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കുന്നത്. ക്യാപ്റ്റന്‍ ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് പാകിസ്ഥാന് കൂറ്റന്‍ ജയമൊരുക്കിയത്. ബാബര്‍ സെഞ്ചുറിയുമായും റിസ്‌വാന്‍ അര്‍ധ സെഞ്ചുറിയുമായും തിളങ്ങി.
66 പന്തില്‍ പുറത്താവാതെ 110 റണ്‍സാണ് ബാബര്‍ അടിച്ച് കൂട്ടിയത്. 51 പന്തില്‍ 88 റണ്‍സുമായി മുഹമ്മദ് റിസ്‌വാന്‍ മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് നേടിയ 203 റണ്‍സ് ടി20 ക്രിക്കറ്റില്‍ പാകിസ്ഥാന്‍റെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ്. 2021ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്ഥാപിച്ച 197 റണ്‍സ് എന്ന സ്വന്തം റെക്കോഡാണ് ഇരുവരും പൊളിച്ചെഴുതിയത്.