പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ ഇംഗ്ലണ്ട് എട്ട് റണ്‍സിന് വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 208 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഓസീസിന് നിശ്ചിത ഓവറില്‍ 200 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ മത്സരത്തിനിടെ ഓസീസ് ബാറ്റര്‍ മാത്യു വെയ്‌ഡ് ഇംഗ്ലീഷ് ബോളര്‍ മാര്‍ക് വുഡിന്‍റെ ഫീല്‍ഡിങ് തടസപ്പെടുത്തിയ സംഭവം വലിയ ചര്‍ച്ചയായിരുന്നു.
ഓസീസിന് ഇന്നിങ്‌സിന്‍റെ 17ാം ഓവറിലാണ് സംഭവം നടന്നത്. മാര്‍ക് വുഡിന്‍റെ ഷോര്‍ട്ട് ഡെലിവറിയില്‍ വെയ്‌ഡ് ഷോട്ടിന് ശ്രമിച്ചു. എന്നാല്‍ പന്ത് സ്ട്രൈക് എന്‍ഡില്‍ തന്നെ ഉയര്‍ന്നു. ക്യാച്ചെടുക്കാന്‍ ഓടിയെത്തിയ വുഡിനെ വെയ്‌ഡ് കൈകൊണ്ട് തടയുകയുകയായിരുന്നു.
ഇംഗ്ലീഷ് താരങ്ങളില്‍ നിന്നും കാര്യമായ അപ്പീലുണ്ടാവാതിരുന്നതോടെ വെയ്‌ഡ് രക്ഷപ്പെടുകയും ചെയ്‌തു. എന്നാല്‍ വെയ്‌ഡിന്‍റെ പ്രവൃത്തി മനഃപൂര്‍വമായിരുന്നുവെന്ന് റിപ്ലേകളില്‍ വ്യക്തമായിരുന്നു. 'ഫീൽഡ് തടസപ്പെടുത്തിയതിന്' എന്തുകൊണ്ടാണ് അപ്പീൽ നൽകാതിരുന്നത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ വിശദീകരിച്ചു.
താന്‍ പന്തിലാണ് ശ്രദ്ധിച്ചിരുന്നത്. ഇതോടെ എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഉറപ്പില്ലാത്തതിനാലാണ് കാര്യമായ അപ്പീല്‍ നടത്താതിരുന്നതെന്നാണ് ബട്‌ലര്‍ പറഞ്ഞത്. എന്നാൽ ടി20 ലോകകപ്പിൽ ഇത്തരമൊരു സംഭവം ആവർത്തിച്ചാൽ അപ്പീൽ നൽകുമെന്നും ബട്‌ലര്‍ വ്യക്തമാക്കി. അതേസമയം വെയ്‌ഡിന്‍റെ ചെയ്‌തിയില്‍ സോഷ്യല്‍ മീഡിയയില്‍ കനത്ത വിമര്‍ശനമുയരുന്നുണ്ട്.