കൊളംബോ :ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ മിന്നും വിജയത്തിന്‍റെ ആത്മവിശ്വാസത്തോടെയായിരുന്നു ഇന്ത്യ ശ്രീലങ്കയ്‌ക്ക് എതിരെ കളിക്കാന്‍ ഇറങ്ങിയത്. പാകിസ്ഥാന്‍റെ പേരുകേട്ട ബോളിങ് നിരയ്‌ക്ക് എതിരെ വമ്പന്‍ ആധിപത്യമായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാര്‍ പുലര്‍ത്തിയിരുന്നത്. എന്നാല്‍ ലങ്കയ്‌ക്കെതിരെ കാര്യങ്ങള്‍ മാറിമറിഞ്ഞു.
ടീമിന്‍റെ 20 വയസുകാരന്‍ സ്‌പിന്നര്‍ ദുനിത് വെല്ലലഗെയാണ് (Dunith Wellalage) ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ആണിക്കല്ല് ഇളക്കിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma), ശുഭ്‌മാന്‍ ഗില്‍ (Subman Gill) , വിരാട് കോലി (Virat Kohli), കെഎല്‍ രാഹുല്‍ (KL Rahul), ഹാര്‍ദിക് പാണ്ഡ്യ എന്നിങ്ങനെ അഞ്ച് വിക്കറ്റുകളാണ് ദുനിത് വെല്ലലഗെ വീഴ്‌ത്തിയത് (Dunith Wellalage Takes 5 Wickets).
അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒഴികെയുള്ള മറ്റ് താരങ്ങള്‍ക്ക് കാര്യമായ പ്രകടനം നടത്താനായിരുന്നില്ല. തന്‍റെ ആദ്യ ഓവറില്‍ തന്നെ ശുഭ്‌മാന്‍ ഗില്ലിനെ (19) ബൗള്‍ഡൗക്കിക്കൊണ്ടാണ് ദുനിത് വെല്ലലഗെ തുടങ്ങിയത്. രണ്ടാം ഓവറില്‍ വിരാട് കോലിയേയും ദുനിത് വെല്ലലഗെ മടക്കി. മൂന്ന് റണ്‍സ് മാത്രം നേടാന്‍ കഴിഞ്ഞ കോലിയെ ദസുന്‍ ഷാനക പിടികൂടുകയായിരുന്നു.
തൊട്ടടുത്ത ഓവറില്‍ രോഹിത്തിന്‍റെ (53) കുറ്റിയിളക്കിയ താരം ഇന്ത്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. തന്‍റെ രണ്ടാം സ്പെല്‍ എറിയാനെത്തിയപ്പോഴാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട കെഎല്‍ രാഹുലിനെ താരം പുറത്താക്കിയത്. രാഹുലിനെ സ്വന്തം പന്തിലാണ് 20-കാരന്‍ പിടികൂടിയത്. പിന്നീട് ഹാര്‍ദിക് പാണ്ഡ്യയെ കുശാല്‍ മെന്‍ഡിസിന്‍റെ കയ്യിലെത്തിച്ചുകൊണ്ടാണ് താരം അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കിയത്.