ന്യൂഡല്‍ഹി : കഴിഞ്ഞ ടി20 ലോകകപ്പിലും ഫേവറേറ്റുകളായെത്തിയെങ്കിലും നിരാശയായിരുന്നു ഇന്ത്യയുടെ ഫലം. സെമിയില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിയാണ് രോഹിത് ശര്‍മ നയിച്ച ഇന്ത്യയ്‌ക്ക് മടക്ക ടിക്കറ്റ് നല്‍കിയത്. ഇംഗ്ലണ്ടിനെതിരെ 10 വിക്കറ്റിന്‍റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയിരുന്നത്.
ഇതിന് പിന്നാലെ ടൂർണമെന്‍റിലുടനീളം സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനെ ബഞ്ചിലിരുത്താനുള്ള മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്‌ത് നിരവധി ആരാധകരും വിദഗ്ധരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്.
പരിശീലകനും ക്യാപ്റ്റനും ഒരു നിശ്ചിത കളിക്കാരനിലുള്ള വിശ്വാസമാണ് ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്നിലെന്ന് കാർത്തിക് പറഞ്ഞു. ടി20 ലോകകപ്പില്‍ ചാഹലിനെ പുറത്തിരുത്തി ആര്‍ അശ്വിനാണ് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ അവസരം നല്‍കിയത്. അശ്വിനേക്കാള്‍ കൂടുതല്‍ ഫലപ്രദമായി പന്തെറിയാന്‍ ചാഹലിന് കഴിയുമായിരുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു.
"ഇതെല്ലാം ഒരു നിശ്ചിത കളിക്കാരനിലുള്ള വിശ്വാസത്തോടെ ക്യാപ്റ്റനും കോച്ചും എടുക്കുന്ന തീരുമാനമാണ്. ശരിയായി പറഞ്ഞാൽ, അശ്വിൻ ടൂർണമെന്‍റ് നന്നായി ആരംഭിച്ചു, പക്ഷേ കാര്യങ്ങള്‍ അതുപോലെയല്ല അവസാനിച്ചത്. പക്ഷേ ചാഹലിന് തീര്‍ച്ചയായും കൂടുതല്‍ ഫലപ്രദമായി പന്തെറിഞ്ഞ് വിനാശകാരിയാവാന്‍ കഴിയുമായിരുന്നു. രസകരമായ ഒരു തെരഞ്ഞെടുപ്പ് ആകുമായിരുന്നു അത്"- കാര്‍ത്തിക് പറഞ്ഞു.
ടി20 ലോകകപ്പില്‍ ഇന്ത്യ കളിച്ച ആറ് മത്സരങ്ങളുടേയും ഭാഗമായ അശ്വിന്‍ ആറ് വിക്കറ്റുകള്‍ മാത്രമാണ് നേടിയത്. ബാറ്റുകൊണ്ടും കാര്യമായ പ്രകടനം നടത്താന്‍ അശ്വിന് കഴിഞ്ഞിരുന്നില്ല. 21 റണ്‍സ് മാത്രമായിരുന്നു ടൂര്‍ണമെന്‍റിലാകെ താരത്തിന്‍റെ സമ്പാദ്യം.
Also read:'ക്ഷമിക്കണം, ഈ പട്ടികയില്‍ ബാബറിനെ ഉള്‍പ്പെടുത്തില്ല' ; കഴിഞ്ഞ വര്‍ഷത്തെ മികച്ച ടി20 ബാറ്റര്‍മാരെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര
അതേസമയം ഹാര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ പുതിയൊരു ടി20 ടീം വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യ ഇനി കളിക്കുക. ജനുവരി മൂന്നിന് ആരംഭിക്കുന്ന ടി20 പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. മലയാളി ബാറ്റര്‍ സഞ്‌ജു സാംസണും പരമ്പരയുടെ ഭാഗമാണ്.