കൊളംബോ:ഇംഗ്ലണ്ട് പര്യടനത്തിനിടെ ബയോ ബബിൾ ലംഘിച്ചതിന് ശ്രീലങ്കൻ താരങ്ങളായ കുശാൽ മെൻഡിസ്, നിരോഷൻ ഡിക്ക്‌വെല, ധനുഷ്‌ക ഗുണതിലക എന്നീ താരങ്ങളെ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും ഒരു വർഷത്തേക്ക് വിലക്കി. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് ആറ് മാസത്തെ വിലക്കും താരങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
താരങ്ങളുടെ കൃത്യവിലോപം അന്വേഷിക്കാൻ നിശ്ചയിച്ച പാനലിന്‍റെ നിർദേശങ്ങൾക്കനുസരിച്ചാണ് താരങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. വിലക്ക് കൂടാതെ ഒരു കോടി രൂപ പിഴയും താരങ്ങൾക്ക് ശ്രീലങ്ക ക്രിക്കറ്റ് ചുമത്തിയിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരെ നടന്ന അവസാന ടി20 പരമ്പരക്ക് ശേഷം താരങ്ങൾ ലണ്ടനിലെ മാർക്കറ്റിലൂടെ കറങ്ങി നടക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് താരങ്ങളെ സസ്‌പൻഡ് ചെയ്യുകയും നാട്ടിലേക്ക് തിരികെ വിളിക്കുകയും ചെയ്‌തിരുന്നു.
ALSO READ:ഇന്ത്യൻ ടീമിന്‍റെ പരിശീലകസ്ഥാനം; ചിന്തിച്ചിട്ടില്ലെന്ന് രാഹുൽ ദ്രാവിഡ്
ബയോ ബബിൾ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തുപോയ കാര്യം മൂവരും തുറന്ന് സമ്മതിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളും തോറ്റ ശ്രീലങ്കൻ ടീമിന് കളിക്കാരുടെ ഭാഗത്തുനിന്നുള്ള ഈ പെരുമാറ്റം വലിയ നാണക്കേടാണ് സൃഷ്ടിച്ചത്.