ലണ്ടൻ :ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ മൂന്നാം ടെസ്റ്റിലുള്ള ടീമിൽ മാറ്റം വരുത്തി ഇംഗ്ലണ്ട്. മോശം ഫോമിലായിരുന്ന ഓപ്പണര്‍മാരായ ഡോം സിബ്ലിയേയും സാക്ക് ക്രോളിയേയും ഒഴിവാക്കിയ ഇംഗ്ലണ്ട് മൂന്ന് വര്‍ഷത്തിന് ശേഷം ഡേവിഡ് മലാനെ ടീമിലേക്ക് പരിഗണിച്ചു. രണ്ടാം ടെസ്റ്റിൽ ക്രോളിക്ക് പകരം ബാറ്റ് ചെയ്ത ഹസീബ് ഹമീദും ടീമിൽ തുടരും.
എന്നാൽ രണ്ടാം ടെസ്റ്റിൽ പരിക്കേറ്റതിനെ തുടർന്ന് മൂന്നാം ടെസ്റ്റിൽ ഉണ്ടാകില്ല എന്ന് പറഞ്ഞിരുന്ന മാർക്ക് വുഡിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിബ്ലി പുറത്തായതോടെ ഹസീബ് ഓപ്പണിങിലും മലാൻ മൂന്നാം നമ്പരിലുമാകും ബാറ്റ് ചെയ്യുക.
സമീപകാലത്തായി ടി20യില്‍ ശ്രദ്ധേയ പ്രകടനം നടത്തിയിരുന്ന മലാന്‍ ഐസിസി ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കും എത്തിയിരുന്നു. 15 ടെസ്റ്റില്‍ നിന്ന് 27.85 ശരാശരിയില്‍ 724 റണ്‍സാണ് മലാന്‍ നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും ആറ് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടും.
ALSO READ:ടി 20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; പുതുമുഖതാരം ജോഷ് ഇംഗ്ലിസ് ടീമിൽ
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നോട്ടിംഗ്ഹാമില്‍ നടന്ന ആദ്യ ടെസ്റ്റ് മഴമൂലം സമനിലയായപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഐതിഹാസിക വിജയം സ്വന്തമാക്കിയിരുന്നു. 151 റൺസിന്‍റെ വിജയമാണ് ഇന്ത്യ ലോര്‍ഡ്‌സിൽ നേടിയത്. ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.