സിഡ്‌നി :നഷ്‌ടപ്പെട്ട ബാഗി ഗ്രീന്‍ തൊപ്പി തിരികെ ലഭിച്ചതായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (David Warner's Baggy Green). ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് വാര്‍ണര്‍ ബാഗി ഗ്രീന്‍ തിരികെ കിട്ടിയ വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. നിലവില്‍ പുരോഗമിക്കുന്ന ഓസ്‌ട്രേലിയ പാകിസ്ഥാന്‍ മൂന്നാം ടെസ്റ്റിന് മുന്‍പായിരുന്നു താരത്തിന്‍റെ ടെസ്റ്റ് ക്യാപ്പ് നഷ്‌ടപ്പെട്ടത്.
വിരമിക്കല്‍ മത്സരത്തിനായി മെല്‍ബണില്‍ നിന്നും സിഡ്‌നിയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് വാര്‍ണറിന് ബാഗി ഗ്രീന്‍ നഷ്‌ടപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള വീഡിയോ ജനുവരി രണ്ടിനാണ് വാര്‍ണര്‍ ആദ്യമായി ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നത്. നഷ്‌ടപ്പെട്ട ബാഗി ഗ്രീന്‍ കണ്ടെത്താന്‍ എല്ലാവരും സഹായിക്കണമെന്നും താരം വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് സിഡ്‌നി ടെസ്റ്റ് കളിക്കാനിറങ്ങിയ വാര്‍ണര്‍ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സില്‍ 34 റണ്‍സ് മാത്രം നേടിയാണ് പുറത്തായത്. പുറത്താകലിന് പിന്നാലെ, തൊപ്പി നഷ്‌ടപ്പെട്ടതിനെ കുറിച്ചുള്ള ചിന്തകളായിരുന്നു കൂടുതലെന്നും വാര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, അവസാന ടെസ്റ്റ് മത്സരത്തിന്‍റെ മൂന്നാം ദിവസം കളത്തിലിറങ്ങുന്നതിന് മുന്‍പായാണ് ബാഗി ഗ്രീന്‍ തിരികെ ലഭിച്ച വിവരം വാര്‍ണര്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ബാഗി ഗ്രീന്‍ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദിയും വീഡിയോയിലൂടെ താരം അറിയിക്കുന്നുണ്ട്.