മെല്‍ബണ്‍:നൂറാം ടെസ്റ്റിലെ ഇരട്ട സെഞ്ച്വറി നേട്ടത്തോടെ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. നൂറാം ടെസ്റ്റ് മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ താരമെന്ന റെക്കോഡാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം.
മെല്‍ബണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലെ സെഞ്ച്വറിയോടെ നൂറാം ടെസ്റ്റില്‍ സെഞ്ച്വറി തികയ്‌ക്കുന്ന പത്താമത്തെ താരമെന്ന റെക്കോഡും വാര്‍ണര്‍ സ്വന്തമാക്കി. പ്രോട്ടീസിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നേടിയ സെഞ്ചറിയോടെയാണ് വാര്‍ണര്‍ സവിശേഷ റെക്കോഡ് പട്ടികയില്‍ തന്‍റെ പേരും ചേര്‍ത്തത്. മുന്‍ ഇംഗ്ലണ്ട് താരം കോളിന്‍ ക്രൗഡിയാണ് ഈ നേട്ടത്തിലെത്തിയ ആദ്യ താരം.1968ലാണ് ക്രൗഡി ആദ്യമായി ഈ നേട്ടം കൈവരിച്ചത്. 104 റണ്‍സായിരുന്നു അന്ന് താരത്തിന്‍റെ സമ്പാദ്യം. 1989ല്‍ മുന്‍ പാക് നായകന്‍ ജാവേദ് മിയാന്‍ദാദ് ആണ് രണ്ടാമതായി ഈ നേട്ടം സ്വന്തമാക്കിയത്.
സവിശേഷ പട്ടികയില്‍ ഇടം നേടിയ ഇന്നിങ്‌സില്‍ മിയാന്‍ദാദ് 145 റണ്‍സ് നേടിയിരുന്നു. മൂന്നാമനായി പട്ടികയിലെത്തിയ വെസ്റ്റ് ഇന്‍ഡീസിന്റെ ഗോര്‍ഡണ്‍ ഗ്രീനിഡ്‌ജ് 1990ല്‍ 149 റണ്‍സും സ്വന്തമാക്കി. 2000ല്‍ ഇംഗ്ലണ്ടിന്‍റെ ഇലക്‌സ് സ്റ്റിവാര്‍ട്ടും, 2005ല്‍ മുന്‍ പാകിസ്ഥാന്‍ താരം ഇന്‍സമാം ഉള്‍ ഹഖും ഈ നേട്ടത്തിലേക്കെത്തി. 2006 ല്‍ മുന്‍ ഓസീസ് ക്യാപ്‌റ്റൻ റിക്കി പോണ്ടിങ് തന്‍റെ നൂറാം ടെസ്റ്റിന്‍റെ രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടി.
120, 143 എന്നിങ്ങനെയായിരുന്നു ആ മത്സരത്തില്‍ പോണ്ടിങ്ങിന്‍റെ സ്‌കോര്‍. 2012ല്‍ ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്‌മിത്ത്, 2014ല്‍ ഹാഷിം അംല എന്നിവരും ഈ നേട്ടം സ്വന്തമാക്കിയിരുന്നു.