മെൽബണ്‍: ടി20 ലോകകപ്പിലെ ഏറ്റവും വലിയ ഗ്ലാമർ പോരാട്ടമായ ഇന്ത്യ-പാക് മത്സരത്തിൽ ആരാധകർക്ക് പ്രതീക്ഷ നൽകി കാലാവസ്ഥ. മത്സരം നടക്കുന്ന മെൽബണിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴ ഇന്നലെ വൈകുന്നേരം മുതൽ വിട്ടുനിൽക്കുകയാണ്. ഇന്നലെ രാവിലെ മുതൽ ആകാശം മൂടിക്കെട്ടി നിൽക്കുകയാണെങ്കിലും ഇതുവരെ മഴ പെയ്‌തിട്ടില്ല. അതിനാൽ ഇന്ന് മത്സരം കഴിയുന്നത് വരെ മഴ പെയ്യരുതേ എന്നാണ് ആരാധകരുടെ പ്രാർഥന.
മെൽബണിൽ ശനിയും ഞായറും കനത്ത മഴയുണ്ടാകും എന്നായിരുന്നു കാലാവസ്ഥാ പ്രവചനങ്ങൾ. ഞായറാഴ്‌ച വൈകുന്നേരം 70 ശതമാനം മഴയ്‌ക്ക് സാധ്യതയുണ്ടെന്നും വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ ഇടി മിന്നലിനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. എന്നാൽ കാലാവസ്ഥ നിരീക്ഷണങ്ങളെ തെറ്റിച്ചുകൊണ്ട് ശനിയാഴ്‌ച മഴ പെയ്യാത്തതിനാൽ ഇന്നും മഴയുണ്ടാവില്ലെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
എങ്കിലും നിലവിലെ സാഹചര്യത്തില്‍ മേഘാവൃതമായ ആകാശത്തിന് കീഴിലായിരിക്കും മത്സരം നടക്കാന്‍ സാധ്യത. മത്സരം നടക്കണമെങ്കില്‍ ഇരു ടീമുകള്‍ക്കും കുറഞ്ഞത് അഞ്ച് ഓവറുകള്‍ വേണമെന്നതാണ് രാജ്യാന്തര ടി20യിലെ ചട്ടം. മത്സരം ആരംഭിക്കാന്‍ വൈകിയാലോ, ഇടയ്‌ക്ക് തടസപ്പെട്ടാലോ മഴ നിയമം പ്രയോഗിക്കും. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ക്ക് റിസര്‍വ് ഡേ അനുവദിച്ചിട്ടില്ല എന്നതിനാല്‍ മത്സരം നടത്താനുള്ള എല്ലാ സാധ്യതയും മാച്ച് റഫറി തേടും.
ALSO READ:IND VS PAK: ക്രിക്കറ്റ് യുദ്ധത്തിന് ഇനി മണിക്കൂറുകൾ മാത്രം; ഇന്ത്യ-പാക് പോരാട്ടത്തിൽ വില്ലനായി മഴ
ഇന്നലെ മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും എംസിസിയില്‍ പരിശീലനം നടത്തി. ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അരമണിക്കൂറോളം പിച്ച് പരിശോധിച്ചു. 37 വർഷങ്ങൾക്ക് ശേഷമാണ് മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ പാക് മത്സരം നടക്കുന്നത്. 1985ലെ ബെൻസൻ ആൻഡ് ഹെഡ്‌ജസ് ലോക ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് ഫൈനലിലാണ് ഇരു ടീമുകളും ഇവിടെ അവസാനമായി ഏറ്റുമുട്ടിയത്.