കറാച്ചി:ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ലഭിച്ച അവസരങ്ങള്‍ കൃത്യമായി മുതലെടുക്കാന്‍ കഴിയാത്ത താരം സഞ്ജു സാംസണ്‍ (Sanju Samson) ആണെന്ന് ഡാനിഷ് കനേരിയ (Danish Kaneria). വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു മോശം ഫോം തുടരുന്നതിനിടെയാണ് മുന്‍ പാകിസ്ഥാന്‍ താരത്തിന്‍റെ വിമര്‍ശനം. ഇന്ത്യ വിന്‍ഡീസ് മൂന്നാം ടി20യ്‌ക്ക് ശേഷമായിരുന്നു കനേരിയയുടെ പ്രതികരണം.
നിലവില്‍, ഇന്ത്യയുടെ ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം പ്രതീക്ഷിച്ചിരിക്കുന്ന താരങ്ങളില്‍ പ്രധാനിയാണ് സഞ്ജു സാംസണ്‍. അതുകൊണ്ട് തന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഓരോ മത്സരവും താരത്തിന് ഏറെ നിര്‍ണായകമായിരുന്നു. എന്നാല്‍, ഏകദിന പരമ്പരയില്‍ അവസരം ലഭിച്ച രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് സഞ്ജുവിന് മികവിലേക്ക് ഉയരാന്‍ സാധിച്ചത്.
പിന്നാലെ, ടി20 പരമ്പരയിലേക്ക് എത്തിയപ്പോള്‍ അവസാന ഏകദിനത്തില്‍ പുറത്തെടുത്ത പ്രകടനമികവ് ആവര്‍ത്തിക്കാന്‍ താരത്തിനായിരുന്നില്ല. മൂന്ന് മത്സരങ്ങളിലും പ്ലെയിങ് ഇലവനില്‍ ഇടം പിടിച്ചെങ്കിലും രണ്ട് മത്സരങ്ങളില്‍ മാത്രമായിരുന്നു താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ഇതില്‍ ആകെ 19 റണ്‍സ് മാത്രമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് നായകന്‍റെ ബാറ്റില്‍ നിന്നും പിറന്നത്. ഇവയെല്ലാം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഡാനിഷ് കനേരിയയുടെ പ്രതികരണം.
'ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി (Virat Kohli) എന്നിവര്‍ക്ക് ഇന്ത്യന്‍ ടീം വിശ്രമം അനുവദിച്ചു. അതുകൊണ്ടാണ് മറ്റ് താരങ്ങള്‍ക്ക് ഇപ്പോള്‍ അവസരം ലഭിക്കുന്നത്. ടീമില്‍ ചില താരങ്ങള്‍ക്ക് വേണ്ടത്ര അവസരം ലഭിക്കുന്നില്ലെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നതാണ്.