ഇസ്‌ലാമാബാദ്: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും നാണംകെട്ട തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് മത്സരങ്ങളിലും തോറ്റതോടെ ഇന്ത്യ പരമ്പരയും കൈവിട്ടുകഴിഞ്ഞു. ബോളർമാരും ബാറ്റർമാരും മത്സരിച്ച് മോശം പ്രകടനം കാഴ്‌ചവച്ചാണ് ഇരു കളികളിലും ഇന്ത്യയെ തോൽവിലേക്ക് നയിച്ചത്. ഇപ്പോൾ ഇന്ത്യയുടേത് മൂന്നാംകിട ബോളിങ്ങാണെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് ബോളർ ഡാനിഷ് കനേരിയ.
'ബംഗ്ലാദേശ് ബോളർമാർ അസാധാരണമായ ബോളിങ് പുറത്തെടുത്തപ്പോൾ ഇന്ത്യയുടേത് മൂന്നാംകിട ബോളിങ്ങായിരുന്നു. ഇത് കഠിനമാണ്. ഇന്ത്യൻ ക്രിക്കറ്റിന്‍റെ പോക്ക് എങ്ങോട്ടാണെന്ന് നിങ്ങൾ കണ്ടുതന്നെ അറിയണം. ബംഗ്ലാദേശിലെ അവസ്ഥ നാട്ടിലെ അവസ്ഥകൾക്ക് സമാനമായിരുന്നു. പക്ഷേ ഇന്ത്യൻ ബോളർമാക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
ഇന്ത്യൻ ബോളർമാർ ഷോട്ട്- പിച്ച് ബോളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ആരും തന്നെ ശരീരത്തിലേക്കോ, യോർക്കറുകളിലേക്കോ ലക്ഷ്യം വച്ചില്ല. സിറാജ് ഒരുപാട് റണ്‍സ് വഴങ്ങി. അയാൾക്ക് ആക്രമണോത്സുകതയുണ്ട്. പക്ഷേ ബോളിങ് അൽപം വഴിതെറ്റി പോവുകയായിരുന്നു', കനേരിയ തന്‍റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോയിലൂടെ വ്യക്‌തമാക്കി.
പരിക്കിന്‍റെ പിടിയിൽ: ഡിസംബർ 10നാണ് പരമ്പരയിലെ മൂന്നാം മത്സരം. അതേസമയം ആശ്വാസ ജയത്തിനായിറങ്ങുന്ന ഇന്ത്യൻ ക്യാമ്പിൽ പരിക്ക് വില്ലനായി മാറിയിട്ടുണ്ട്. രണ്ടാം മത്സരത്തിൽ കയ്യിലെ തള്ളവിരലിന് പരിക്കേറ്റ നായകൻ രോഹിത് ശർമ വിദഗ്‌ധ ചികിത്സക്കായി മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. കൂടാതെ ദീപക് ചഹാർ, കുൽദീപ് സെൻ എന്നിവരും പരിക്ക് മൂലം മൂന്നാം മത്സരത്തിൽ നിന്ന് പുറത്തായിട്ടുണ്ട്.