ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏവരും ആകാംക്ഷയോടെ കേൾക്കാൻ ആഗ്രഹിച്ച ഒരു പേരുണ്ട് റിഷഭ് പന്ത്. കൂറ്റനടികൾ കൊണ്ട് കഴിവ് തെളിയിച്ച പന്തിനെ രണ്ടാം വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. പന്തിന് പകരം ദിനേശ് കാർത്തിക്കിനാണ് ബിസിസിഐ രണ്ടാം വിക്കറ്റ് കീപ്പറായി അവസരം നല്‍കിയിരിക്കുന്നത്.
ലോകകപ്പ് ടീമില്‍ നിന്ന് റിഷഭ് പന്തിനെ തഴഞ്ഞത് ആർക്കുവേണ്ടി ? - പന്ത്
ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ യുവതാരം റിഷഭ് പന്തിന് പകരം ദിനേശ് കാർത്തിക്ക് ഇടംനേടി.
ഏകദിനത്തിലെ പന്തിന്‍റെ മോശം ഫോമും സമ്മർദ്ദ ഘട്ടങ്ങളില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനുമുള്ള ദിനേശ് കാർത്തിക്കിന്‍റെ കഴിവുമാണ് റിഷഭ് പന്തിന് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തേക്കുള്ള വഴി തുറന്നത്. വെസ്റ്റ് ഇൻഡീസിനെതിരെ അഞ്ച് ഏകദിനങ്ങൾ കളിച്ച പന്തിന് 93 റൺസ് മാത്രമാണ് നേടാനായത്. അതേസമയം ദിനേഷ് കാർത്തിക്ക് ലഭിച്ച അവസരങ്ങൾ വേണ്ടവിധത്തില്‍ ഉപയോഗിക്കുകയും ചെയ്തു. ധോണിക്ക് പകരക്കാരനായിട്ടാണ് കാർത്തിക്കിനെ ഉൾപ്പെടുത്തിയത് എന്ന് മുഖ്യ സെലക്ടറായ എം എസ് കെ പ്രസാദ് വ്യക്തമാക്കി. ലോകകപ്പ് പോലെ സുപ്രധാനമായ ടൂർണമെന്‍റുകളില്‍ വിക്കറ്റ് കീപ്പിംഗ് എന്നത് പരമപ്രധാനമാണ്, അതുകൊണ്ടാണ് തങ്ങൾ കാർത്തിക്കിലേക്ക് എത്തിയത് എന്നും പ്രസാദ് പറഞ്ഞു.
പകരക്കാരനായതിനാല്‍ ധോണിക്ക് കളിക്കാൻ കഴിയാത്ത സാഹചര്യങ്ങളില്‍ മാത്രമേ കാർത്തിക്കിന് ഇന്ത്യൻ ടീമില്‍ സ്ഥാനം ലഭിക്കു എന്ന് വ്യക്തമാണ്. എന്നാല്‍ പന്തിനെ ഉൾപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ബിസിസിഐക്കെതിരെയും കാർത്തിക്കിനെതിരെയും ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. പന്തിന് പുറമേ നാലാം സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന അമ്പാട്ടി റായുഡുവിനെ ഉൾപ്പെടുത്താത്തതിലും പ്രതിഷേധമുയരുന്നുണ്ട്.