ശ്രീലങ്കൻ ട്വന്‍റി-20 ക്രിക്കറ്റ് നായകനും പേസറുമായ ലസിത് മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. 2020ല്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പൂർണമായി വിരമിക്കുമെന്ന് മലിംഗ വ്യക്തമാക്കി.
2004ലാണ് മലിംഗ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ശ്രീലങ്കയ്ക്ക് വേണ്ടി 218 ഏകദിനങ്ങൾ കളിച്ച മലിംഗ 322 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ടി-20ലെ ഏറ്റവും മികച്ച ബൗളർമാരിലൊരാളായാണ് മലിംഗ അറിയപ്പെടുന്നത്. ബൗളിംഗ് ആക്ഷനും കൃത്യതയോടെ എറിയുന്ന യോർക്കറുകളും മലിംഗയെ മറ്റ് ബൗളർമാരില്‍ നിന്ന് വ്യത്യസ്തനാക്കി. 72 ടി-20 മത്സരങ്ങൾ കളിച്ച മലിംഗ 97 വിക്കറ്റുകളും നേടിയിട്ടുണ്ട്. രണ്ട് വിക്കറ്റുകൾ കൂടി നേടിയാല്‍ അന്താരാഷ്ട്ര ട്വന്‍റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകൾ നേടുന്ന ബൗളറെന്ന ചരിത്രനേട്ടം മലിംഗയ്ക്ക് സ്വന്തമാക്കാം. ടെസ്റ്റില്‍ നിന്ന് നേരത്തെ വിരമിച്ച മലിംഗ 101 വിക്കറ്റുകളും നേടിയിട്ടുണ്ട്.