ലഖ്‌നൗ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ജൈത്രയാത്ര തുടരാന്‍ ടീം ഇന്ത്യ (Team India) ഇന്നിറങ്ങുകയാണ്. തുടര്‍ച്ചയായ ആറാം ജയം തേടി ടീം ഇന്ത്യ ലഖ്‌നൗവിലെ ഏകന സ്റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ നിലവിലെ ചാമ്പ്യന്മരായ ഇംഗ്ലണ്ടാണ് എതിരാളികളായി എത്തുന്നത് (India vs England). ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരം.
ലോകകപ്പില്‍ ആറാം ജയം തേടിയിറങ്ങുമ്പോള്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ ഇന്ത്യ കളിക്കുന്ന നൂറാമത്തെ മത്സരമെന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ നൂറ് മത്സരങ്ങള്‍ നയിച്ച ഏഴാമത്തെ മാത്രം നായകനെന്ന നേട്ടത്തിനരികിലാണ് ഹിറ്റ്‌മാന്‍ നിലവില്‍. വിരാട് കോലിക്ക് ശേഷം ഈ നേട്ടത്തിലേക്ക് എത്തുന്ന ആദ്യത്തെ താരം കൂടിയാണ് രോഹിത് ശര്‍മ (Rohit Sharma Captaincy Record).
രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ ടീം ഇന്ത്യ ഇതുവരെ മൂന്ന് ഫോര്‍മാറ്റിലായി 99 അന്താരാഷ്‌ട്ര മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അതില്‍ 73 മത്സരങ്ങളിലും ജയിക്കാന്‍ ടീം ഇന്ത്യയ്‌ക്കായിട്ടുണ്ട്.
ഏകദിന ക്രിക്കറ്റില്‍ 39 മത്സരങ്ങളിലാണ് ഇതുവരെ രോഹിത് ശര്‍മ ഇന്ത്യയെ നയിച്ചിട്ടുള്ളത്. 76.31 ആണ് ഏകദിന ക്രിക്കറ്റില്‍ രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ ഇന്ത്യയുടെ വിജയശതമാനം. ടി20യില്‍ രോഹിത് ക്യാപ്‌റ്റനായി കളിച്ച 51 മത്സരങ്ങളില്‍ 39 എണ്ണത്തില്‍ ഇന്ത്യ ജയിച്ചിട്ടുണ്ട്.