ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ ബാറ്റിങ് കാഴ്‌ചവച്ചതോടെ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയുടെ (Rachin Ravindra) ഇന്ത്യന്‍ വേരുകള്‍ തേടുകയാണ് ക്രിക്കറ്റ് ആരാധകര്‍. അഹമ്മദാബാദില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ രചിന്‍ രവീന്ദ്ര പുറത്താകാതെ 123 റണ്‍സ് നേടി കിവീസ് ജയത്തില്‍ കോണ്‍വെയ്‌ക്കൊപ്പം നിര്‍ണായക പങ്ക് വഹിച്ചു. പന്തെറിഞ്ഞപ്പോള്‍ ഇംഗ്ലീഷ് യുവതാരം ഹാരി ബ്രൂക്കിന്‍റെ വിക്കറ്റായിരുന്നു സ്വന്തമാക്കിയത്.
രവീന്ദ്ര ജഡേജയുടെ പേരിനോട് സാമ്യം, ധരിക്കുന്നത് എട്ടാം നമ്പര്‍ ജഴ്‌സി...2021 നവംബറില്‍ കാണ്‍പൂരില്‍ നടന്ന ഇന്ത്യ ന്യൂസിലന്‍ഡ് ടെസ്റ്റ് മത്സരത്തില്‍ ഇങ്ങനെയായിരുന്നു രചിന്‍ രവീന്ദ്ര ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍, അഹമ്മദാബാദില്‍ ഇംഗ്ലണ്ടിനെതിരായ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ രചിന്‍ രവീന്ദ്രയുടെ ഇന്ത്യന്‍ വേരുകള്‍ അന്വേഷിച്ചിറങ്ങിയ ആരാധകര്‍ക്ക് ലഭിച്ച വിവരങ്ങള്‍ രസകരമാണ്.
രചിന്‍ രവീന്ദ്രയെന്ന പേര് വന്ന വഴി...:1999ല്‍ ന്യൂസിലന്‍ഡിലെ വെല്ലിങ്‌ടണില്‍ ഇന്ത്യന്‍ ദമ്പതികളായ രവി കൃഷ്‌ണമൂര്‍ത്തി ദീപ കൃഷ്‌ണമൂര്‍ത്തി എന്നിവരുടെ മകനായിട്ടായിരുന്നു രചിന്‍ രവീന്ദ്രയുടെ ജനനം. ബെംഗളൂരുവിലെ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന രചിന്‍റെ പിതാവ് 1990കളിലാണ് ന്യൂസിലന്‍ഡിലേക്ക് ചേക്കേറുന്നത്. പ്രൊഫഷന്‍ ഐടി രംഗമായിരുന്നെങ്കിലും കടുത്ത ക്രിക്കറ്റ് ആരാധകന്‍ കൂടിയായിരുന്നു രചിന്‍ രവീന്ദ്രയുടെ അച്ഛന്‍.
ക്രിക്കറ്റ് ആരാധകനായിരുന്ന അദ്ദേഹം ന്യൂസിലന്‍ഡില്‍ ഒരു ക്രിക്കറ്റ് ക്ലബ് സ്ഥാപിക്കുകയും ചെയ്‌തിരുന്നു. ഇന്ത്യയിലായിരുന്നപ്പോള്‍ നിരവധി ക്ലബ് മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ക്രിക്കറ്റിനെ അത്രമേല്‍ ഇഷ്‌ടപ്പെട്ടിരുന്ന രവി കൃഷ്‌ണമൂര്‍ത്തി സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നീ മുന്‍ ഇന്ത്യന്‍ താരങ്ങളുടെ കടുത്ത ആരാധകന്‍ കൂടിയായിരുന്നു.